കുര്‍ബാന വേദി മാറ്റി ആലഞ്ചേരി; അതിരൂപത ആസ്ഥാനത്ത് പ്രതിഷേധിച്ച് വൈദികർ

thrissur-archdiocese-3
SHARE

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നാളെ എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാനയര്‍പ്പിക്കില്ല. സഭാ ആസ്ഥാനമായ സെന്‍റ് തോമസ് മൗണ്ടില്‍ പുതിയ രീതി അനുസരിച്ച് കുര്‍ബാന അര്‍പ്പിക്കും. അതേസമയം തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് വൈദികര്‍ പ്രതിഷേധിക്കുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുറിക്കുള്ളിലാണ് പ്രതിഷേധം. ജനാഭിമുഖ കുര്‍ബാന തുടരുമെന്ന ഉറപ്പുകിട്ടാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് വൈദികര്‍. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം, ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതിനെ ചൊല്ലി സിറോ മലബാര്‍ സഭയില്‍ ഭിന്നത. എറണാകുളം അങ്കമാലി അതീരൂപതയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മെത്രാപ്പൊലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയില്‍ സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കുലര്‍ തള്ളിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി നാളെ മുതല്‍ ഏകീകൃത കുര്‍ബാനക്രമം നിലവില്‍ വരുമെന്ന് അറിയിച്ചു. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ സഭയുടെ സ്ഥിരം സിനഡ് അടിയന്തര യോഗം ചേര്‍ന്ന് മാര്‍ ആന്‍റണി കരിയിലിനോട് വിശദീകരണം തേടി.

കാനൻ നിയമപ്രകാരം അജപാലന വിഷയങ്ങളിൽ അന്തിമതീരുമാനമെടുക്കാൻ രൂപതാധ്യക്ഷൻമാർക്കുള്ള പ്രത്യേക അധികാരം പ്രയോഗിച്ചാണ് എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരാൻ മെത്രാപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആൻറണി കരിയിൽ നിർദേശം നൽകിയത്. ഏകീകൃത കുർബാന ക്രമത്തിൻറെ കാര്യത്തിൽ രൂപതാധ്യക്ഷൻമാരുടെ പ്രത്യേക അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നായിരുന്നു സിറോ മലബാർ സഭാ നേതൃത്വത്തിൻറെ നിലപാട്. എന്നാൽ ഈ അധികാരം പ്രയോഗിക്കുന്നതിൽ തടസമില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ മാർപാപ്പയും പൌരസ്ത്യ തിരുസംഘം തലവനും വ്യക്തമാക്കിയതായി മാർ കരിയിലിൻറെ സർക്കുലറിൽ പറയുന്നു. കുര്‍ബാന ക്രമത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാര്‍ കരിയിലിന് അനുമതി നല്‍കിക്കൊണ്ടുള്ള പൗരസ്ത്യ തിരുസംഘം അധ്യക്ഷന്‍റെ കത്തും അതിരൂപത പുറത്തുവിട്ടു. ജനാഭിമുഖ കുര്‍ബാന തുടരാന്‍ തീരുമാനിച്ച സാഹചര്യം ജനുവരിയിലെ സിനഡ് യോഗത്തില്‍ വിശദീകരിക്കണമെന്നും പൗരസ്ത്യ തിരുസംഘത്തിന്‍റെ കത്തില്‍ പറയുന്നുണ്ട്. 

അള്‍ത്താരയ്ക്ക് അഭിമുഖമായി നിന്ന് ബലിയര്‍പ്പിക്കില്ലെങ്കിലും സിനഡ് നിര്‍ദേശിച്ച പുതിയ കുര്‍ബാന പുസ്തകം അടിസ്ഥാനമാക്കിയായിരിക്കും അതിരൂപതയിലെ കുര്‍ബാനയര്‍പ്പണം. എന്നാല്‍ മെത്രാപ്പൊലീത്തന്‍ വികാരിയുടെ സര്‍ക്കുലര്‍ തള്ളിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഞായറാഴ്ച മുതല്‍ സഭയുടെ എല്ലാ പള്ളികളിലും ഏകീകൃത ബലിയര്‍പ്പണ രീതി നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നല്‍കിക്കൊണ്ട് വത്തിക്കാനില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കര്‍ദിനാളിന്‍റെ സര്‍ക്കുലറില്‍ പറയുന്നു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തര സ്ഥിരം സിനഡ് യോഗം ഏത് സാഹചര്യത്തിലാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് അറിയിക്കാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍റണി കരിയിലിന് നിര്‍ദേശം നല്‍കി. അൾത്താരാഭിമുഖ കുർബാനയ്ക്കെതിരെ എതിർപ്പുകൾ നിലനിൽക്കുന്ന തൃശൂർ, താമരശേരി, മാനന്തവാടി രൂപതകൾ സിനഡ് തീരുമാനമനുസരിച്ച് നാളെ മുതൽ പുതിയ കുർബാന അർപ്പണ രീതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE