വീട് പണ്ടേ ഇല്ല, ഇപ്പോള്‍ കുടിവെള്ളവും ഇല്ല; ദുരിതം പറഞ്ഞ് മഞ്ഞത്തോട് കോളനി

പത്തനംതിട്ട മഞ്ഞത്തോട്ടില്‍ വീടുകാത്ത് കഴിയുന്ന മലമ്പണ്ടാരങ്ങള്‍ വെള്ളം കിട്ടാതായതോടെ വെള്ളമുള്ള സ്ഥലങ്ങളിലേക്ക് പോകുന്നു. പട്ടികവര്‍ഗ വകുപ്പിന്‍റെ കുടിവെള്ള വിതരണം തൃപ്തികരമല്ലെന്നാണ് പരാതി. എഴ് വര്‍ഷത്തിലധികമായി വീട് കാത്ത് കഴിയുന്നവരാണ് മഞ്ഞത്തോട് കോളനിയില്‍ ഉള്ളത്

ശബരിമല പാതയില്‍ മഞ്ഞത്തോട്ടില്‍ വനത്തില്‍ കുടില്‍ കെട്ടിക്കഴിയുന്ന 20 മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് പട്ടയംകിട്ടി. ഇനി പട്ടയം കിട്ടാനുള്ളവരുമുണ്ട്. ഏറെ പണിപ്പെട്ടാണ് ഉള്‍വനത്തില്‍ കഴിഞ്ഞിരുന്ന ഇവരെ പുറത്തേക്ക് കൊണ്ടുവന്നത്. എഴു വര്‍ഷമായി ഇവിടെ കഴിയുന്ന പലരും വരള്‍ച്ച കനത്തതോടെ പമ്പ, കക്കി തുടങ്ങി വെള്ളം കിട്ടുന്ന മേഖലയിലേക്ക് പോയി. വനത്തിനുള്ളിലെ ചെറു അരുവികള്‍ വറ്റിവരണ്ടു. ഇവര്‍ കുഴിച്ച കുളത്തില്‍ ആരോ പാമ്പിനെ തല്ലിക്കൊന്നിട്ടു എന്നും താമസക്കാര്‍ പറയുന്നു. കിണര്‍ കുഴിക്കാനും അനുമതി ആയില്ല. റോഡില്‍ വച്ച വീപ്പകളില്‍ വേണ്ടത്ര വെള്ളം കിട്ടുന്നില്ല എന്നും താമസക്കാര്‍ ആരോപിക്കുന്നു.

പട്ടയമായെങ്കിലും വീടിനുള്ള അനുമതി ആയില്ല. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കൃഷി ചെയ്യാനും കഴിയുന്നില്ല. വൈദ്യുതിയില്ല. ഇങ്ങനെ കഷ്ടപ്പെട്ട് കഴിയുന്നതിനിടെയാണ് വെള്ളവും കിട്ടാതായത്. തൊട്ടടുത്ത് വനംവകുപ്പ് സംരക്ഷിക്കുന്ന വളഞ്ഞങ്ങാനം കുടിവെള്ള പദ്ധതിയില്‍ നിന്ന് ഇവര്‍ക്ക് വെള്ളമെടുക്കാനും അനുമതിയില്ല. കോളനിയിലെ മൂപ്പന്‍ വരെ വെള്ളം തേടിപ്പോയി.. ശബരിമല വാര്‍ഡ് അടക്കമുള്ള മേഖലകളിലാണ് പ്രതിസന്ധി

Pathanamthitta drinking water issue