വില്ലേജ് ഓഫിസര്‍ ജീവനൊടുക്കിയ സംഭവം; സമ്മര്‍ദമുണ്ടായിരുന്നതായി ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്

പത്തനംതിട്ട അടൂര്‍ കടമ്പനാട് വില്ലേജ് ഓഫിസര്‍ ജീവനൊടുക്കിയതില്‍ സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നു എന്ന് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് . മണ്ണ് മാഫിയ ബന്ധമുള്ള സിപിഎം പ്രാദേശിക നേതാക്കളാണ് മരണത്തിന് കാരണമെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു.  കഴിഞ്ഞ പതിനൊന്നാം തീയതിയാണ് വില്ലേജ് ഓഫിസറായ മനോജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മനോജിന് പുറത്ത് നിന്ന് ചില സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ആര്‍ഡിഒ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരുടേയും പേരോ കാരണമോ എടുത്തു പറയുന്നില്ല. ബന്ധുക്കളും സഹപ്രവര്‍ത്തകരും അടക്കം ഇരുപതില്‍ അധികം പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സ്ഥലം മാറി കടമ്പനാട്ട് എത്തിയതിന് പിന്നാലെ മനോജ് അസ്വസ്ഥനായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തനംതിട്ട ജില്ലാ കലക്ടര്‍ പ്രേംകൃഷ്ണ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് കൈമാറും. മനോജിന്‍റെ മരണത്തിന് പിന്നാലെ 12 വില്ലേജ് ഓഫിസര്‍മാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍ഡിഒയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത്. വില്ലേജ് ഓഫിസര്‍മാരുടെ പരാതി ജില്ലാ പൊലീസ് മേധാവിക്കും കൈമാറിയിരുന്നു . ഇതില്‍ അന്വേഷണം നടക്കുകയാണ്. ഒരു ഫോണ്‍ വന്നതിന് പിന്നാലെയാണ് മനോജ് ജീവനൊടുക്കിയത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഫോണ്‍ വിവരങ്ങള്‍ അടക്കം ലഭിച്ചെങ്കിലെ മരണത്തിന് പിന്നില്‍ ആരുടെയെങ്കിലും ഭീഷണി ഉണ്ടായിരുന്നോ എന്നതില്‍ വ്യക്തത വരൂ.

RDO report that village officer took his life under pressure