കുടിവെള്ളം മുടങ്ങി; ജനപ്രതിനിധിയുടെ 'കുളി' പ്രതിഷേധം

കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് പഞ്ചായത്തംഗം പഞ്ചായത്ത് ഒാഫീസിലെത്തി കുളിച്ച് പ്രതിഷേധിച്ചു. കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്ത് അംഗം  ഷിബുദ്ദീനാണ് പ്രതിഷേധിച്ചത്. ഇടതുമുന്നണി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കുടിവെളളം ഇല്ലാതാക്കിയെന്നാണ് യു‍ഡിഎഫ് അംഗങ്ങളുടെ പരാതി

വിളക്കുടി ഗ്രാമപഞ്ചായത്തിലെ ചില വാർഡുകളിലേക്ക് കുടിവെള്ളം എത്തുന്നില്ലെന്നാണ് പേപ്പർമിൽ വാർഡംഗം എ.ഷിബുദ്ദീനിന്റെ പരാതി. യുഡി.എഫ്. മെമ്പർമാരുടെ വാർഡുകളിലേക്കുളള കുടിവെള്ള വിതരണമാണ് തടസ്സപ്പെടുത്തുന്നത്. ഉയര്‍ന്ന പ്രദേശമായ കാഞ്ഞിരമലയില്‍ വെളളമെത്തിയിട്ട് ദിവസങ്ങളായി. സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും ഫലമില്ല. ഇതിനെതുടര്‍ന്നാണ് പഞ്ചായത്ത് ഒാഫീസിലെത്തി കുളിച്ച് പ്രതിഷേധിച്ചതെന്ന് എ.ഷിബുദ്ദീന്‍ പറയുന്നു.

നേരത്തെ യു.ഡി.എഫ്. ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡൻ്റ് രാജിവെച്ചതിനെ തുടർന്ന് രണ്ട് യു.ഡി.എഫ്. അംഗങ്ങള്‍ എൽ.ഡി.എഫിനെ പിൻതുണച്ച് എൽ.ഡി.എഫ്. ഭരണം പിടിച്ചെടുത്തിരുന്നു. ഭരണമാറ്റം പഞ്ചായത്തിലെ കുടിവെളളവിതരണത്തെ ബാധിച്ചെന്നാണ് യുഡിഎഫ് അംഗങ്ങളുടെ പരാതി. ആരോപണം ഭരണകക്ഷി അംഗങ്ങള്‍ നിഷേധിച്ചു.

Drinking water issue at kollam