വീടുകളുടെയും സ്കൂളിന്‍റേയും മതിലുകളടക്കം തകര്‍ത്ത് കാട്ടാന; ഭീതിയില്‍ വടശേരിക്കര

പത്തനംതിട്ട വടശേരിക്കരയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു തുടങ്ങി. ഇടക്കാലത്ത് ഒഴിഞ്ഞ കാട്ടാനശല്യമാണ് വീണ്ടും തുടങ്ങിയത്. വീടുകളുടെയും സ്കൂളിന്‍റേയും മതിലുകളടക്കം തകര്‍ത്തു.

വടശേരിക്കര ബൗണ്ടറി, പേഴുംപാറ എന്നിവിടങ്ങളിലും എംആര്‍എസ് പ്രീമെട്രിക് സ്കൂളിന്‍റെ പരിസരങ്ങളിലുമായി വ്യാപകമായി കൃഷി നശിപ്പിച്ചു. പേഴുംപാറ സ്വദേശി ജോണ്‍ചെറിയാന്‍റെ 400 വാഴകള്‍ നശിപ്പിച്ചു.   കുലച്ച വാഴകള്‍ അടക്കമാണ് ചവിട്ടിയരച്ചത്. വായ്പയെടുത്താണ് കൃഷി തുടങ്ങിയത്. സ്കൂളിന്‍റെ മതില്‍ തകര്‍ത്ത് അകത്തു കടന്ന ആന വാഴ, തെങ്ങിന്‍ തൈ തുടങ്ങിയവയും നശിപ്പിച്ചു. 

സമീപത്തെ പല കര്‍ഷകരും കടം എടുത്താണ് കൃഷിയിറക്കിയത്. ജോണ്‍ ചെറിയാനടക്കം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കല്ലാര്‍ കടന്നാണ് ആനകള്‍ എത്തുന്നത്. ആനകളെ തുരത്താനുള്ള വനംവകുപ്പ് ഇടപെടല്‍ തൃപ്തികരമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിലവില്‍ നശിപ്പിക്കുന്ന വിളകള്‍ക്ക് മതിയായ നഷ്ടപരിഹാരവും കിട്ടുന്നില്ല.

Pathanamthitta wild elephant attack