നല്ല പാഠങ്ങള്‍ തെരുവുനാടകത്തിലൂടെ പകര്‍ന്ന് നല്‍കിയ കുഞ്ഞുങ്ങള്‍

പഠന മികവും അറിവുമെല്ലാം തെരുവുനാടകത്തിലൂടെ ചുറ്റുമുളളവര്‍ക്കുകൂടി പകര്‍ന്ന് കൊടുക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിലെ കുട്ടികളാണ് നന്മയുടേയും സ്നേഹത്തിന്റേയും സന്ദേശം പകര്‍ന്ന് കയ്യടി നേടിയത്. 

വെറുതെയങ്ങ് കാണാപാഠം പഠിക്കുകയല്ല , നല്ല പാഠങ്ങള്‍ മറ്റുളളവര്‍ക്കു കൂടി പകര്‍ന്നു കൊടുക്കുകയാണ് സെന്റ് മേരീസിലെ കൊച്ചു കൂട്ടുകാര്‍. അതുവഴി പഠനമൊരു ഉത്സവമാകുന്നു.  

26 വിദ്യാര്‍ഥികളാണ് 20 മിനിറ്റ് നാടകത്തിലൂടെ നന്മയുടെ സന്ദേശം അരങ്ങിലെത്തിച്ചത്.  പുലയനാര്‍കോട്ടയിലും , രാജാജി നഗറിലും, കനകക്കുന്ന് കൊട്ടാരമുറ്റത്തുമെല്ലാം അരങ്ങുണര്‍ത്തിയ മിടുക്കികളും മിടുക്കന്മാരും മാനവീയം വീഥിയുടേയും മനം കവര്‍ന്നു. വിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പിന്റെ പഠനോത്സവം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു നാടകാവതരണം.