കനത്ത ചൂടില്‍ ആയിരത്തോളം കുലച്ച ഏത്തവാഴകള്‍ ഒടിഞ്ഞുവീണു

പന്തളം കുളനടയില്‍ കനത്ത ചൂടില്‍ ആയിരത്തോളം കുലച്ച ഏത്തവാഴകള്‍ ഒടിഞ്ഞുവീണു. കൃത്യമായി രണ്ടുനേരം വെള്ളമൊഴിച്ചെന്നും ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും കര്‍ഷകര്‍ പറഞ്ഞു. കുളനടയിലെ കുടുംബശ്രീ വനിതാകൂട്ടായ്മയുടെ മൂന്നര ഏക്കറിലെ കൃഷിയാണ് നശിച്ചത്

രാപ്പകല്‍ അധ്വാനിച്ച് വളര്‍ത്തിയെടുത്ത വാഴകളാണ് കുലച്ചതിന് പിന്നാലെ ഒടിഞ്ഞുവീണത്. തൊട്ടടുത്തുള്ള അച്ചന്‍കോവിലാറ്റില്‍ നിന്ന് ദിവസവം വെള്ളം പമ്പുചെയ്ത്, കയറ് കെട്ടി, താങ്ങ് നല്‍കിയ വാഴകളാണ് ഒടിഞ്ഞുവീണത്. ആയിരത്തി അഞ്ഞൂറ് വാഴകളില്‍ ആയിരം എണ്ണവും ഒടിഞ്ഞു. ശേഷിക്കുന്ന വാഴകള്‍ ഉണങ്ങിത്തുടങ്ങുകയും ചെയ്തു.

കുടുംബശ്രീയില്‍ നിന്നടക്കം ലോണെടുത്താണ് കൃഷി തുടങ്ങിയത്. വാഴകള്‍ ഒടിഞ്ഞത് കേട് കാരണമാണോ എന്ന് കൃഷിവകുപ്പ് പരിശോധിച്ചിരുന്നു. കനത്ത ചൂടാണ് കാരണമെന്ന് പരിശോധനയില്‍ ബോധ്യമായി. മുന്‍വര്‍ഷങ്ങളില്‍ വെള്ളം കയറി വലിയ നഷ്ടം ബാധിച്ചിരുന്നു. ഇക്കുറി കനത്ത ചൂടാണ് നഷ്ടമുണ്ടാക്കിയത്.

thousand bunches of bananas broke in the intense heat