പതാരം സര്‍വീസ് സഹകരണ ബാങ്കിലെ നിയമനങ്ങളുടെ പേരില്‍ കോണ്‍ഗ്രസില്‍ തമ്മിലടി

കൊല്ലം ശൂരനാട് പതാരം സര്‍വീസ് സഹകരണ ബാങ്കിലെ നിയമനങ്ങളുടെ പേരില്‍ കോണ്‍ഗ്രസില്‍ തമ്മിലടി. ചട്ടവിരുദ്ധമായി നാലു നിയമനങ്ങള്‍ നടത്തിയെന്നാണ് ഒരുവിഭാഗത്തിന്റെ പരാതി. ഭരണസമിതിയിലെ നാല് അംഗങ്ങള്‍ രാജിവച്ചതോടെ 99 വര്‍ഷമായി കോണ്‍ഗ്രസ് ഭരിച്ച ബാങ്ക് അ‍ഡ്മിനിട്രേറ്റീവ് ഭരണത്തിലാണ്.

പതാരം സര്‍വീസ് സഹകരണ ബാങ്കില്‍ അറ്റന്‍ഡര്‍, സെയില്‍സ്മാന്‍, രണ്ട് പ്യൂണ്‍ ഇങ്ങനെ നാലു ഒഴിവുകളിലേക്ക് നടത്തിയ നിയമനങ്ങളാണ് ശൂരനാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിക്ക് കാരണമായത്. നിയമവും ചട്ടങ്ങളും ലംഘിച്ചാണ് നിയമനമെന്നാരോപിച്ച് ഭരണസമിതി അംഗങ്ങളിലെ നാലുപേര്‍ രാജിവച്ചതോടെ ബാങ്ക് അഡ്മിനിട്രേഷന്‍ ഭരണത്തിലേക്ക് നീങ്ങി. സുതാര്യമായി നടത്തിയ നിയമനത്തില്‍ ഡിസിസി പ്രസിഡന്റ് ഇടപെട്ട് ഭരണസമിതിയില്‍ ഭിന്നതയുണ്ടാക്കിയെന്നാണ് ബാങ്ക് പ്രസി‍ഡന്റ്ായിരുന്ന കൃഷ്ണന്‍കുട്ടിനായരുടെ ആരോപണം.

കൃഷ്ണന്‍കുട്ടിനായരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ‍് ചെയ്തിരുന്നു. ഇതോടെ കോണ്‍ഗ്രസുകാര്‍ രണ്ടു ചേരിയായി. കഴിഞ്ഞദിവസം ശൂരനാട് തെക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗവും അടിപിടിയിലാണ് കലാശിച്ചത്. 1923 ല്‍ പ്രവര്‍ത്തനമാരംഭിച്ച സഹകരണസംഘമാണിത്. 99 വര്‍ഷമായി കോണ്‍ഗ്രസ് ഭരിച്ച ബാങ്കിനെ നേതാക്കള്‍ തമ്മിലുളള വ്യക്തിവിരോധത്തിലും ഗ്രൂപ്പിസത്തിലും ഇല്ലാതാക്കിയെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം.