‘ബഹുമാനപ്പെട്ട മന്ത്രി ആന്റീ’; റോഡിനായി മന്ത്രി വീണാ ജോർജിന് 100 കത്തുകളെഴുതി വിദ്യാർഥികൾ

ഒന്നര വർഷമായി തകർന്നു കിടക്കുന്ന റോഡ് ശരിയാക്കാന്‍ മന്ത്രിയും സ്ഥലം എംഎൽഎയുമായ വീണാ ജോർജിന് 100 കത്തുകളെഴുതി സ്കൂൽ വിദ്യാർഥികൾ.

പത്തനംതിട്ട പുല്ലാട് ഗവൺമെൻ്റ് യു.പി സ്കൂളിലെ വിദ്യാർഥികളാണ്  അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ മന്ത്രിക്ക് കത്തുകളെഴുതിയത്. ബഹുമാനപ്പെട്ട മന്ത്രി ആൻ്റി എന്ന് വിളിച്ചായിരുന്നു പുല്ലാട് ഗവ. യു പി സ്കൂൾ വിദ്യാർഥികളുടെ കത്ത്. സ്കൂളിലേക്ക് മുട്ടുമൺ- ചെറുകോൽപ്പുഴ റോഡിലൂടെ വരുമ്പോൾ സ്കൂളിൻ്റെ വാഹനം മറിഞ്ഞുപോകുമോ എന്ന പേടിയിലാണ് ഞങ്ങൾ എന്നായിരുന്നു കുട്ടികളുടെ കത്തിൽ. ആൻ്റി ഞങ്ങൾക്കുവേണ്ടി ഈ റോഡ് ശരിയാക്കിത്തരുമോ എന്ന ചോദ്യത്തിനു പിന്നിൽ കുട്ടികളുടെ ആശങ്കകളുമുണ്ടായിരുന്നു. ഒന്നര വർഷമായി തകർന്നുകിടക്കുകയാണ് മുട്ടുമൺ ചെറുകോൽപ്പുഴ റോഡ്. ചെറുകോൽപ്പുഴ, മാരാമൺ കൺവെൻഷൻ സമയത്ത് വളരെയധികം ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. ഇരുചക്ര വാഹനങ്ങളുൾപ്പെടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. എത്രയും വേഗം തങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് കുട്ടികളുടെയും നാട്ടുകാരുടെയും ആവശ്യം.