ചിതറ ഗ്രാമപഞ്ചായത്ത് ഓഫിസിൽ ജീവനക്കാരുടെ കുറവ്; നട്ടംതിരിഞ്ഞ് ജനം

കൊല്ലത്തെ ചിതറ ഗ്രാമപഞ്ചായത്ത് ഓഫിസിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാൻ നടപടി വൈകുന്നു. പതിനേഴിൽ ആറുപേർ സ്ഥലംമാറിപ്പോയിട്ടും പകരം ജീവനക്കാർ എത്തിയിട്ടില്ല.

സംസ്ഥാനത്തെ ഏറ്റവും വലിയ  ഗ്രാമപഞ്ചായത്തുകളിലൊന്നാണ് ചിതറ പഞ്ചായത്ത്. പതിനേഴ് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആറു ജീവനക്കാർ സ്ഥലംമാറിപോയി. ചില ജീവനക്കാർ അവധിയിലുമാണ്.  പോയവർക്ക് പകരം മറ്റാരും എത്താത്തത് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. രണ്ടായിരത്തിപതിനൊന്നിലെ കണക്ക് പ്രകാരം എഴുപത്തിഅയ്യായിരം ജനസംഖ്യയുളള ഗ്രാമ പഞ്ചായത്താണിത്. വിവിധ ആവശ്യങ്ങൾക്കായി നിരന്തരം ഓഫിസിൽ  കയറിയിറങ്ങുന്ന ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. തിരക്കുകാരണം നിന്ന് തിരിയാൻ ഇടമില്ല.

ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.പഞ്ചായത്ത് ഓഫീസിൽ വൈദ്യുതി നിലച്ചാൽ ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണ്. ഇൻവർട്ടറുണ്ടെങ്കിലും പലപ്പോഴും പ്രവർത്തിക്കില്ല. മെഴുകുതിരി വെളിച്ചത്തിലാണ് ചിലപ്പോൾ ജീവനക്കാർ ജോലി ചെയ്യുന്നത്.