വിദ്യാലയത്തിന് തണലേകിയ മരം ഇനി ഒറ്റത്തടിവള്ളം

മീന്‍പിടിക്കാനുളള വളളം നിര്‍മിക്കുകയാണ് കൊല്ലം നഗരത്തിലെ ഒരു സ്കൂള്‍ മൈതാനത്ത്. നൂറ്റമ്പതിലേറെ വര്‍ഷം സ്കൂളിന് തണലേകി നിന്ന മാവ് മരമാണ് ഇനി വളളമാകാന്‍ പോകുന്നത്.‌ ഒറ്റത്തടിയില്‍ വളളം കൊത്തിയെടുക്കുന്നത് വിദ്യാര്‍ഥികള്‍ക്കും കാഴ്ചയായി.

പണി തുടങ്ങിയിട്ടേയുളളു. തിരുവല്ലക്കാരന്‍ സോമനും, ചവറ തെക്കുംഭാഗത്തെ അജയനും വളളം പണിയുകയാണ്. കളിവളളമല്ല. നല്ല ഒന്നാന്തരം മീന്‍പിടിക്കാനുളള വളളം. കൊല്ലം ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂള്‍ വളപ്പില്‍ നിന്ന കൂറ്റന്‍ മാവു മരമാണിത്. ശിഖരങ്ങളൊടിഞ്ഞ് അപകടാവസ്ഥയിലായപ്പോള്‍ കടവൂര്‍ സ്വദേശി ജോയി തടി ലേലം വിളിച്ചെടുത്തു. അതാണിപ്പോള്‍ വളളത്തിനായി ഒരുക്കിയെടുക്കുന്നത്. 160 ഇഞ്ച് വണ്ണമുളള ലക്ഷണമൊത്ത മാവു തടി. ഇരുപത്തിമൂന്ന് അടി നീളത്തില്‍ രണ്ടു വളളമാണ് നിര്‍മിക്കുക.

രണ്ടു വളളം നിര്‍മിക്കാന്‍ പറ്റുന്ന ഒറ്റത്തടി ലഭിക്കുന്നത് അപൂര്‍വമാണെന്ന് അന്‍പതു വർഷത്തിലധികമായി നാനൂറിലേറെ വള്ളം നിര്‍മിച്ച സോമന്‍ പറയുന്നു. വളളം മാത്രമല്ല ഇതേ തടിയില്‍ നിന്ന് പങ്കായങ്ങളും കൊത്തിയെടുക്കണം. ജോലി പൂര്‍ണമാകാന്‍ മൂന്നാഴ്ചയെടുക്കും. പിന്നീട് മിനുസപ്പെടുത്തി എണ്ണയിടുന്നത് ഉള്‍‌പ്പെടെ കടമ്പകള്‍ ഏറെ. കടലിലെ ഉപ്പുരസം കൂടിയാകുമ്പോള്‍ വളളത്തിന് ദീര്‍ഘായുസ് ലഭിക്കും. സ്കൂള്‍ മൈതാനത്തെ ഒഴിഞ്ഞ സ്ഥലത്താണ് വളളം നിര്‍മിക്കുന്നതെങ്കിലും കുട്ടികൾക്കും ഇത് പുതിയ കാഴ്ചയും അറിവുമാണ്.