ശബരിമല റോഡിലെ സമാന്തരപാത തകർന്നിട്ട് വർഷങ്ങൾ; പുനർനിർമ്മാണത്തിന് നടപടിയില്ല

ശബരിമല റോഡിലെ കണമല അട്ടിവളവിൽ അപകടങ്ങൾ പരിഹരിക്കാൻ നിർമിച്ച സമാന്തരപാത തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ. ഒരു തീർത്ഥാടനകാലം കൂടി  എത്തിയിട്ടും സമാന്തരപാതയുടെ പുനർനിർമ്മാണത്തിന് നടപടികളൊന്നുമുണ്ടായിട്ടില്ല. നിർമാണം പുർത്തിയാക്കി വാഹനങ്ങൾ സമാന്തരപാതവഴി തിരിച്ചുവിടുന്നതിന് മുൻപാണ് 2018-ലെ പ്രളയത്തിൽ റോഡ് പൂർണമായും തകർന്നത്

കുത്തനെയുള്ള ഇറക്കവും വളവുകളുമാണ് പ്രദേശത്ത് അപകട കാരണമെന്ന് നാറ്റ്പാക് സംഘം കണ്ടെത്തിയതിനെത്തുടർന്നാണ്  ഇറക്കവും വളവും കുറഞ്ഞ സമാന്തര പാത നിർമിച്ചത് .  എരുത്വാപ്പുഴ ജംക്ഷനിൽ നിന്ന് കണമലയിലേക്കുള്ള പഞ്ചായത്ത്‌ റോഡ് വീതി കൂട്ടി നവീകരിച്ചായിരുന്നു നിർമാണം.2017 ൽ നിർമാണം പൂർത്തിയായ ഈ റോഡിലൂടെ തീർഥാടക വാഹനങ്ങൾ കട ത്തിവിടുന്നതിനായി മുന്നോടിയായി മോട്ടർ വാഹന വകുപ്പ് പരിശോധനകൾ പൂർത്തിയാക്കിയത് പിന്നാലെയാണ്  ഉരുൾ പൊട്ടിയെത്തിയ മലവെള്ളത്തിൽ  റോഡ് പൂർണമായും തകരുന്നത്. ടാറിങ്ങും സംരക്ഷണ ഭിത്തിയുടെ കോൺക്രീറ്റ് ഭാഗങ്ങളും അടക്കം 200 മീറ്ററോളം താഴ്ചയിലേക്ക് ഒഴുകി തോട്ടിൽ പതിക്കുകയും ചെയ്തു.

തകർന്നു പോയ റോഡിൻ്റെ ഭാഗങ്ങളെല്ലാം വർഷങ്ങൾ കഴിഞ്ഞിട്ടും അങ്ങനെ തന്നെ കിടക്കുകയാണ്.പ്രളയത്തിന് പുറമെ നിർമ്മാണത്തിലെ അപാകത കൂടി റോഡിൻ്റെയും സംരക്ഷണഭിത്തിയുടെയും തകർച്ചയ്ക്ക് വഴിവച്ചു എന്ന ആരോപണം ഇന്നും നിലനിൽക്കുകയാണ്.തകർന്ന ഭാഗത്ത് നാട്ടുകാർ കല്ലുകൾ നിരത്തിവച്ചതാണ് ആകെയുള്ള നവീകരണം.