നീരാവില്‍ പ്രദേശത്ത് ജലവിതരണം മുടങ്ങിയിട്ട് പത്തുമാസം

കൊല്ലം കോര്‍പറേഷനിലെ നീരാവില്‍ പ്രദേശത്ത് ജലവിതരണം മുടങ്ങിയിട്ട് പത്തുമാസം പിന്നിടുന്നു. ജലസംഭരണിക്ക് പുതിയ കുഴല്‍കിണര്‍ വേണമെന്നിരിക്കെ പണമില്ലാത്തതാണ് പ്രതിസന്ധി. ഇരുപതു ലക്ഷം രൂപ അനുവദിച്ചെന്നും കൂടുതല്‍ തുകയ്ക്കായി സര്‍ക്കാര്‍ അനുമതി തേടിയെന്നുമാണ് കോര്‍പറേഷന്റെ വിശദീകരണം

നീരാവില്‍ തലഉയര്‍ത്തിനില്‍ക്കുന്ന ജലസംഭരണിയിലേക്ക് വെളളം എത്തണമെങ്കില്‍ പുതിയ രണ്ടു കുഴല്‍കിണര്‍ വേണം. കോര്‍പറേഷന്‍ ഇരുപതു ലക്ഷം രൂപ അനുവദിച്ചെങ്കിലും പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാരില്ല. കുഴല്‍കിണറിനുളളില്‍ ഇറക്കുന്ന പൈപ്പിന്റെ അടിസ്ഥാനവില കാലഹരണപ്പെട്ടതാണെന്നും കൂടിയ തുക അനുവദിക്കണമെന്നുമാണ് ആവശ്യം. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടിയെന്നാണ് കോര്‍പറേഷന്‍ മേയറുടെ വിശദീകരണം. കുടിവെളളത്തിനായി നൂറിലധികം കുടുംബങ്ങള്‍ നോട്ടോട്ടമോടുകയാണ്്. ഫയല്‍ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയിട്ട് മാസങ്ങളായി. ഇനി എത്ര നാള്‍ കാത്തിരിക്കണമെന്ന് നാട്ടുകാരുടെ ചോദ്യം.