വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്താൻ ശ്രമം

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം പുത്തൂർ എസ്എൻ പുരത്ത് ഞായർ വൈകിട്ടാണ് കേസിനാസ്പദമായത് നടന്നത്. പുത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് വരുമ്പോൾ പ്രതി പതുങ്ങിയിരുന്ന് ആക്രമിക്കുകയായിരുന്നു. .യുവതിയെ തടഞ്ഞു നിർത്തി അടിക്കുകയും റബ്ബർ പുരയിടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്തു. 

മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. യുവതിയുടെ കൈയിലിരുന്ന മൊബൈൽഫോൺ എറിഞ്ഞുടച്ചു. നാട്ടുകാരനായ ഒരാൾ ഇതുവഴി നടന്നു വന്നപ്പോൾ പ്രതി പിന്മാറി. രക്ഷപ്പെട്ട യുവതി വീട്ടിലെത്തിയ ശേഷം പുത്തൂർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.