ഏനാത്ത് ഇളംഗമംഗലം നമ്പിമൺ തൂക്കുപാലം അപകടാവസ്ഥയിൽ ആയിട്ട് നാല് വർഷം

രണ്ട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഏനാത്ത് ഇളംഗമംഗലം നമ്പിമൺ തൂക്കുപാലം അപകടാവസ്ഥയിൽ ആയിട്ട് നാല് വർഷം . 2018 ലെ പ്രളയമാണ് പാലത്തെ തകർത്തത്. അഞ്ച് കിലോമീറ്ററിലധികം ചുറ്റിക്കറങ്ങിയാണ് ഇപ്പോൾ നാട്ടുകാരുടെ യാത്ര 

പത്തനംതിട്ട ജില്ലയിലെ ഇളംഗമംഗലത്തെയും കൊല്ലം ജില്ലയിലെ കുളക്കടയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ തൂക്കുപാലം. 2012 ൽ പണി പൂർത്തിയാക്കി തുറന്നു .

2018-ലെ പ്രളയത്തിൽ ഭാഗികമായി തകർന്നതാണ് കല്ലടയാറിന് കുറുകെയുള്ള നമ്പിമൺ തൂക്കുപാലം. തുടർന്ന് 2019, 20, 21 വർഷങ്ങളിലെ കാലവർഷക്കെടുതിയിൽ ആറ്റിലെ വെള്ളം ക്രമാതീതമായി പൊങ്ങിയപ്പോൾ പാലം പാടെ മുങ്ങി. തടികൾ, മാലിന്യങ്ങൾ എന്നിവ തൂക്കുപാലത്തിൽവന്ന് തങ്ങിനിന്ന് പാലത്തിൻറ പല ഭാഗങ്ങളും ആറ്റിൽ പതിച്ചു. നിലവിൽ പാലത്തിന്റെ അവസ്ഥ അതീവ ഗുരുതരമാണ്. ഇളംഗമംഗലത്തുകാരുടെ പ്രധാന യാത്രാഉപാധിയായിരുന്നു ഈ പാലം. 

സ്കൂൾകുട്ടികൾ അടക്കം ഒട്ടേറെ പേർ കുളക്കട ഭാഗത്തേക്ക് പോകാൻ ഉപയോഗിച്ചിരുന്ന പാലമായിരുന്നു ഇത്. പാലം കൂടുതൽ അപകടത്തിലായതോടെ കൊല്ലം ജില്ലാ കളക്ടർ പാലത്തിലൂടെയുള്ള യാത്ര രണ്ടുവർഷംമുമ്പ് പൂർണമായും നിരോധിച്ചു. തൂക്കുപാലത്തിലൂടെ അല്ലെങ്കിൽ നാലുകിലോമീറ്റർ ദൂരം നടക്കണം ആളുകൾക്ക് ബസ് സൗകര്യമുള്ളയിടത്ത് എത്താൻ.

തൂക്കുപാലം പുനർനിർമിക്കുന്നതിനായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നതിനായി പദ്ധതി സമർപ്പിച്ചതായിട്ടാണ് അഡീഷണൽ നിയമ സെക്രട്ടറി വ്യക്തമാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഫയൽ പരിശോധിച്ചതായും വീണ്ടും ഒരു തൂക്കുപാലം വേണമോ അതോ മറ്റു സംവിധാനംതന്നെ വേണമോ എന്ന കാര്യം പരിശോധിച്ചുവരുകയാണ്. ഇതിനായി അടുത്തു തന്നെ സ്ഥലം സന്ദർശിക്കുമെന്നും ആർ.കെ.ഐ. വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.