കുടിവെളളക്ഷാമം രൂക്ഷം; രണ്ടര മാസമായി വെളളത്തിനായി നെട്ടോട്ടമോടി എഴുപതു വീട്ടുകാര്‍

കൊല്ലം കരീപ്ര പഞ്ചായത്തിലെ ഇയകുന്ന് കോളനിയില്‍ കുടിവെളളക്ഷാമം രൂക്ഷം. കിണറുകളില്ലാത്ത പ്രദേശത്ത് ജലഅതോറിറ്റിയുടെ പൈപ്പിലൂടെ വെളളം എത്തുന്നില്ല. രണ്ടര മാസമായി വെളളത്തിനായി നെട്ടോട്ടം ഒാടുകയാണ് എഴുപതു വീട്ടുകാര്‍.

തുളളി വെളളത്തിനായി ഇനി ആരോട് പരാതി പറയുമെന്നറിയാതെ വിഷമിക്കുകയാണ് നാട്ടുകാര്‍. കരീപ്ര പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഉളകോട് ഇയകുന്ന് കോളനിയിലുളളവരുടെ പരാതി പരിഹരിക്കാന്‍ ഇത്രയും നാളായിട്ടും ജലഅതോതിറ്റി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഇപ്പം ശരിയാക്കിത്തരാമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ചെങ്കുത്തായ കുന്നിൻ പ്രദേശത്ത് കിണറുകളില്ല. പുറത്തു നിന്ന് വെളളം വിലകൊടുത്ത് വാങ്ങാന്‍ കോളനിയിലുളളവര്‍ക്ക് പണവുമില്ല. 

കരീപ്ര കൽച്ചിറ പദ്ധതി പ്രകാരം പതിനഞ്ച് വര്‍ഷം മുന്‍പ് സ്ഥാപിച്ച പൈപ്പും ടാങ്കുമാണ് ഇവിടെയുളളത്. കൃത്യമായ അറ്റകുറ്റപ്പണിയില്ലാത്തതും മേല്‍നോട്ടമില്ലാത്ത ഉദ്യോഗസ്ഥരുടെ വീഴ്ചയുമാണ് കുടിവെളളവിതരണം പ്രതിസന്ധിയാക്കിയത്.