വെള്ളംതരാമെന്ന് പറഞ്ഞ് പഞ്ചായത്ത് പറ്റിച്ചു; തുള്ളി വെള്ളമില്ലാതെ വേലംപ്ലാവ് കോളനിക്കാർ

 വെള്ളംതരാമെന്ന് പറഞ്ഞ് പെരുനാട് പഞ്ചായത്ത് പറ്റിച്ചെന്ന് പത്തനംതിട്ട സീതത്തോട്ടിലെ വേലംപ്ലാവ് കോളനിയിലെ താമസക്കാര്‍. പദ്ധതി കമ്മിഷന്‍ ചെയ്തെന്ന് കാണിച്ച് ഫലകം സ്ഥാപിച്ചതല്ലാതെ തുള്ളി വെള്ളം കിട്ടിയിട്ടില്ലെന്ന് താമസക്കാര്‍ പറയുന്നു.

പെരുനാട് പഞ്ചായത്തിലെ 9ാം വാർഡിൽപ്പെട്ട വേലംപ്ലാവ് ആദിവാസി കോളനിയുടെ ചുറ്റും വനമാണ്. ആദിവാസി വിഭാഗത്തിൽപ്പെട്ട 24 കുടുംബങ്ങളാണ് ഇവിടെ താമസം. കോളനിക്കാരുടെ ദീർഘനാളത്തെ ആഗ്രഹവും ആവശ്യവുമായിരുന്നു ജലവിതരണ പദ്ധതി.ഏകദേശം 16 ലക്ഷം രൂപയോളം വിനിയോഗിച്ച് സ്ഥാപിച്ച പദ്ധതി 2020 ജൂലൈയിൽ കമ്മിഷൻ ചെയ്തതായാണു പമ്പ് ഹൗസിലെ ശിലാഫലകത്തിൽ കാണിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വെള്ളം പമ്പ് ചെയ്യാൻ മോട്ടറും ഏകദേശം 27 പൊതു ടാപ്പുകളും ജല വിതരണത്തിനു ഇരുമ്പ് പൈപ്പും സ്ഥാപിച്ചു. പമ്പിങ് മോട്ടറിന് വൈദ്യുതി കണക്‌ഷനും എടുത്തു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇത്രയും ചെയ്ത ശേഷം ശിലാഫലകവും സ്ഥാപിച്ച് കരാറുകാർ മടങ്ങി. പദ്ധതി ഇതേ അവസ്ഥയിൽ കിടക്കുവാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി. ഇന്നേ വരെ ഒരു കലം വെള്ളം പോലും തങ്ങൾക്കു ഇതിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഊരു മൂപ്പൻ പി.ആർ.രാജൻ പറയുന്നു. 

പദ്ധതി കമ്മിഷൻ ചെയ്തിട്ടില്ലെങ്കിലും പമ്പിങ് മോട്ടറിന്റെ റീഡിങ് എടുക്കാൻ കൃത്യമായി വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. 2021 മാർച്ച് 15ന് ത്രീ ഫേസ് കണക്‌ഷനാണ് നൽകിയത്. ഇതുവരെ ഒരു ബില്ലും അടച്ചിട്ടില്ല.2007 രൂപ കുടിശികയായി അടയ്ക്കാനുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് പദ്ധതി തുടങ്ങിയത്. നിലവിലുള്ള ഭരണ സമിതി പദ്ധതിയോടു വേണ്ടത്ര താൽപര്യം കാണിക്കുന്നില്ലെന്നാണു കോളനിക്കാരുടെ ആരോപണം.