പത്തനംതിട്ടയില്‍ കനത്ത മഴയില്‍ കൃഷി നാശം; വൻനഷ്ടം

പത്തനംതിട്ടയില്‍ കനത്ത മഴയില്‍ കൃഷി നാശം. പന്തളം കുളനട കോഴഞ്ചേരി മേഖലയിലാണ് കൂടുതല്‍ നാശം. വെള്ളം കയറിയ വിളകള്‍ക്ക് തിരിച്ചു വരവില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അണക്കെട്ടുകള്‍ തുറന്നതോടെ ആശങ്കകൂടി

കുളനട ഞെട്ടൂർ ആലുനിൽക്കുന്നമണ്ണിൽ ടി.കെ.ഗോപാലകൃഷ്ണപിള്ളയുടെ 250 മൂട് വാഴയാണ് നശിച്ചത്. ഒക്ടോബർ-നവംബർ മാസങ്ങളിലായി വിളവെടുക്കാനിരുന്നതാണ്. 6 ദിവസമായി ഇവിടെ വെള്ളം കെട്ടിനിൽക്കുകയാണ്. അച്ചൻകോവിലാർ കരകവിഞ്ഞാണ്  വെള്ളമെത്തിയത്. സമീപവാസികളായ മറ്റ് കർഷകർക്കും വലിയ നഷ്ടമുണ്ടായി.

കോഴഞ്ചേരി മേലുകരയില്‍ ഫിലിപ് പി.ഏബ്രഹാമിന്‍റെ പടവലം, പാവല്‍, കോവല്‍, വെണ്ട, വെള്ളരി തുടങ്ങി സര്‍വ കൃഷിയും നശിച്ചു.  കോഴഞ്ചേരി പഞ്ചായത്തിലെ മേലുകര, തെക്കേമല ഭാഗങ്ങളിലാണ് പാടങ്ങളിലും താഴ്ന്ന കൃഷിയിടങ്ങളിലും വെള്ളം കയറി കൃഷിനാശം ഉണ്ടായിരിക്കുന്നത്. 5 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയത്. കോഴഞ്ചേരിയില്‍ പ്രധാനമായും പാടങ്ങളില്‍ നട്ടുവളര്‍ത്തിയ വാഴ, മരച്ചീനി എന്നിവയ്ക്കാണ് നഷ്ടം സംഭവിച്ചത്.