ആറ്റിൽ മല വെള്ളം കുത്തിയൊഴുകുന്നു; സാഹസിക തടിപിടിത്തം സജീവം

ആറ്റിൽ മല വെള്ളം പെരുകിയതോടെ പത്തനംതിട്ട സീതത്തോട്ടില്‍ തടി പിടുത്തം സജീവം. കുത്തൊഴുക്കിൽ ഒഴുകി വരുന്ന തടി പിടിക്കാൻ മൂന്ന് യുവാക്കള്‍ നടത്തി സാഹസിക നീന്തൽ സോഷ്യൽ മീഡിയകളിൽ വൈറലായി.  അഭിനന്ദനത്തിനൊപ്പം കടുത്ത വിമര്‍ശനവും യുവാക്കള്‍ക്കെതിരെ ഉയരുന്നുണ്ട്.

മൂടോടെ ഒഴുകി വന്ന വൃക്ഷത്തിന്റെ മുകളിൽ ഇരുന്ന് ഒരു കിലോമീറ്ററോളം സഞ്ചരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കു കോട്ടമൺപാറ ഗ്രൗണ്ട് പടിക്കൽ നിന്നാണ് ഇരുകര മുട്ടി ഒഴുകുന്ന കക്കാട്ടാറ്റിലൂടെ കോട്ടമൺപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർ ഉൾപ്പെട്ട മൂന്നംഗ സംഘം മരംപിടിക്കാന്‍ ഇറങ്ങിയത്.  ഉറുമ്പിനി വെള്ളച്ചാട്ടത്തിനു സമീപം വരേയുള്ള ഒരു കിലോമീറ്ററോളം ദൂരം വൃക്ഷത്തിന്റെ മുകളിൽ ഇരുന്നായിരുന്നു യാത്ര. വൃക്ഷം കരയിലേക്കു അടുപ്പിക്കാൻ കഴിയാതായതോടെ മൂവരും ആറ്റിൽ ചാടി കരയിലേക്കു നീന്തുകയായിരുന്നു. ഇവരുടെ സുഹൃത്ത് അർജുനനാണ് വിഡിയോ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയകളിൽ ഇട്ടത്. കാലവർഷം ആരംഭിച്ചാൽ പിന്നെ ആറ്റിലൂടെ ഒഴുകി എത്തുന്ന തടികൾ പിടിക്കുന്നത് ഈ പ്രദേശത്തെ യുവാക്കളുടെ പ്രധാന വിനോദമാണ്