അയല്‍ക്കാരന്‍ ഭൂമി കയ്യേറുന്നു; വീടിന് നേരെ കല്ലേറ് പതിവ്; പരാതിയുമായി വയോധിക

അയല്‍ക്കാരന്‍ ഭൂമി കയ്യേറുന്നുവെന്നുവെന്ന പരാതിയുമായി വയോധിക. പത്തനംതിട്ട വടശേരിക്കര പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലം താമസക്കാരിയായ മറിയാമ്മയാണ് പരാതിക്കാരി. വീടിന് നേരെ കല്ലേറ് പതിവാണെന്നും മറിയാമ്മ പറയുന്നു. മറിയാമ്മയുടെ കുടുംബമാണ് പ്രശ്നമെന്നാണ് പൊലീസ് പറയുന്നത്.

വടശേരിക്കര  നെല്ലുമല കൊച്ചുപതാലില്‍ വീട്ടില്‍ എഴുപത്തിയേഴ് വയസുള്ള മറിയാമ്മ ഒറ്റയ്ക്കാണ് താമസം. മറിയാമ്മയുടെ വീടിന്‍റെ പിന്നിലെ താമസക്കാരന്‍ ഭൂമി കയ്യേറുന്നുവെന്നാണ് പരാതി. താമസക്കാരന് നടവഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മതില്‍ ഇടിച്ച് വലിയ വഴി വെട്ടിയെന്നും മരങ്ങള്‍ വെട്ടി നശിപ്പിച്ചെന്നും മറിയാമ്മ പറയുന്നു. വില്ലേജില്‍  നിന്ന് റീസര്‍വേ നടത്തിയ ശേഷം മതില്‍ കെട്ടിയിട്ടും പൊളിച്ചു. ഏഴ് തവണ മതില്‍ പൊളിച്ചെന്ന് ഇവര്‍ ആരോപിക്കുന്നു.

ഇവിടെ താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മറിയാമ്മയും മക്കളും പറയുന്നു. കയ്യേറ്റം ചോദ്യം ചെയ്യാന്‍ ചെന്ന ബന്ധുവിനെ അയല്‍ക്കാരനും സംഘവും ക്രൂരമായി മര്‍ദിച്ചു. മലയാലപ്പുഴ പൊലീസില്‍ പലവട്ടം പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മറിയാമ്മയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് മലയാലപ്പുഴ പൊലീസ് പറയുന്നു. തര്‍ക്കം റവന്യൂഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തീര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. മറിയാമ്മയുടെ ചെറുമകന്‍ അയല്‍ക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും മലയാലപ്പുഴ സി.ഐ. പറഞ്ഞു.