വീടുകളില്‍ സ്പ്രേ പെയിന്റ് ചെയ്തു; ചോളമണ്ഡലം ഫിനാൻസിനെതിരെ വീണ്ടും ആരോപണം

കൊല്ലം ചവറയില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിന് വീടുകളില്‍ സ്പ്രേ പെയിന്റ് ചെയ്ത ചോളമണ്ഡലം ഫിനാന്‍ന‍സിനെതിരെ വീണ്ടും ആരോപണം. സ്ഥാപനത്തില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും പ്രതികാര നടപടിയും ഭീഷണിയും ഉണ്ടാകുന്നതായാണ് ഇടപാടുകാരുടെ പരാതി. 

കഴിഞ്ഞമാസമാണ് ചോളമണ്ഡലം ഫിനാൻസിന്റെ കൊല്ലം മാടന്‍നടയിലെ ഒാഫീസിനെതിരെ പരാതി ഉയര്‍ന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിന് വീടുകളുടെ ഭിത്തിയില്‍ സ്ഥാപനത്തിന്റെ പേര് സ്പ്രേ പെയിന്റ് ചെയ്ത് വച്ചത് ഏറെ വിവാദമായി. സ്ഥാപനത്തിന്റെ അറിവോടെയല്ലെന്നും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നായിരുന്നു കമ്പനി മേധാവികളുടെ വിശദീകരണം. പക്ഷേ ഇപ്പോഴും പരാതികള്‍ക്ക് പരിഹാരമായിട്ടില്ല. 

വീടുകളുടെ ഭിത്തി വികൃതമാക്കിയതിന് നഷ്ടപരിഹാരം നല്‍കുന്നില്ല. ചെക്ക് മടങ്ങിയെന്നാരോപിച്ച് വീണ്ടും വക്കീൽ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തുകയാണെന്നും പരാതി.   മാടന്‍നടയിലെ ഒാഫീസ് വാഹനവായ്പയുടേതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതേ ഒാഫീസില്‍ വച്ചാണ് സ്ഥലത്തിന്റെ ആധാരം ഉള്‍പ്പെടെ ജീവനക്കാര്‍ സ്വീകരിച്ചതെന്ന് വായ്പക്കാരുടെ വാദം.പരാതിയും തര്‍ക്കവും പതിവായതോടെ പൊലീസിനും ഇടപെടേണ്ടിവരുന്നു. വ്യക്തമായ വിശദീകരണം നല്‍കാന്‍ സ്ഥാപനം തയാറായിട്ടില്ല.