അപകടവഴിയായി എംസി റോഡ്; നടപടി വേണമെന്ന് ആവശ്യം

എംസി റോഡില്‍ കൊല്ലം കൊട്ടാരക്കര ഭാഗത്തെ അപകടം കുറയ്ക്കാന്‍ നടപടി വേണമെന്നാവശ്യം ശക്തമാകുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഇരുപതു കിലോമീറ്ററിനുളളില്‍ പതിനെട്ടുപേരാണ് മരിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ വിമര്‍ശനം ശക്തമായതോടെ നാറ്റ്പാക് സംഘം അപകട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ ആറുമാസത്തിനിടെ കൊട്ടാരക്കര വാളകത്തിനും കുളക്കടയ്ക്കുമിടയിലെ ഇരുപതു കിലോമീറ്ററിനുളളില്‍ 75 അപകടങ്ങളുണ്ടായി. പതിനെട്ടുപേര്‍ മരിക്കുകയും 56 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ കണക്ക്. അമിതവേഗം, അശാസ്ത്രീയ ട്രാഫിക് പരിഷ്കാരങ്ങള്‍, തെരുവ് വിളക്കുകള്‍ കത്താത്തത്, മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തത് എന്നിവയൊക്കെ അപകടങ്ങള്‍ക്ക് കാരണമാകുന്നു. പരിശോധിച്ച് തിരുത്തല്‍ വരുത്തേണ്ട വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം നാറ്റ്പാക് സംഘം അപകടസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. റിപ്പോര്‍ട്ട് തയാറാക്കി കെഎസ്ടിപിക്ക് നല്‍കും. 

കൊടിക്കുന്നില്‍ സുരേഷ് എംപി നാറ്റ്പാക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. റോഡ് സുരക്ഷയ്ക്ക് കെഎസ്ടിപി 140 കോടി രൂപ ചെലവഴിച്ചതില്‍ അഴിമതിയുണ്ടെന്നും സിബിെഎ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കെഎസ്ടിപി ഒാഫീസിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു.