ആയിരവില്ലി പാറ ഖനനത്തിന് ഭരണകൂടത്തിന്റെ അനുമതി; പ്രതിഷേധം

കൊല്ലം ഇളമാട് പഞ്ചായത്തിലെ ആയിരവില്ലി പാറ ഖനനം ചെയ്യാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. രണ്ടു വര്‍ഷം മുന്‍പ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി വച്ച ഖനനത്തിനാണ് വീണ്ടും അനുമതി നല്‍കിയതെന്നാണ് പരാതി.

ഇളമാട് ‌പഞ്ചായത്തിലെ ചെറിയവെളിനല്ലൂരിലാണ് ചരിത്രപ്രാധാന്യമുളള ആയിരവില്ലിപാറ. ഇളമാട് വില്ലേജ് ഒാഫിസിലെ രേഖകള്‍ പ്രകാരം ബ്ളോക്ക് നമ്പര്‍ 27 ല്‍ റീസര്‍വേ 130, മൂന്നിലുളള പാറ പൊട്ടിക്കാനാണ് സര്‍ക്കാര്‍ അനുമതി. സര്‍ക്കാര്‍ പുറമ്പോക്കില്‍ നിന്ന് ഖനനത്തിന് കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കൊട്ടാരക്കര താലൂക്ക് ഒാഫീസില്‍ നിന്ന് ലഭിച്ച രേഖകളില്‍ പറയുന്നു. ഇതിനെതിരെയാണ് നാടൊന്നാകെ പ്രതിഷേധം. ആയിരവില്ലി ക്ഷേത്രത്തിന്റെ മൂലസ്ഥാനവും വനദുര്‍ഗാദേവി ക്ഷേത്രവും ഇൗ പാറയുടെ മുകളിലാണ്. രണ്ടു കാവുകളും ഒരിക്കലും വറ്റാത്ത ഉറവയും ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ചെങ്കുത്തായ പാറയുടെ ഒരുവശം കിലോമീറ്ററുകള്‍ ഉയരത്തിലാണ്. ഖനനം ചെയ്യാനുളള അനുമതി പിന്‍വലിക്കണമെന്ന് സംരക്ഷണസമിതി ആവശ്യപ്പെട്ടു.

2020 ലും ഖനനത്തിന് കലക്ടര്‍ എന്‍ഒസി അനുവദിച്ചപ്പോള്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രവൃത്തികള്‍ തുടങ്ങിയിരുന്നില്ല.ആയിരവില്ലി പാറ സംരക്ഷിക്കണമെന്നാണ് രാഷ്ട്രീയവ്യത്യാസമില്ലാതെ ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. പക്ഷേ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനം മറിച്ചാകുന്നത് നാട്ടുകാരെ പ്രതിഷേധത്തിലേക്ക് തളളിവിടുന്നു.