കിഴക്കേകല്ലടയിലെ പുതിയ അലൈൻമെന്റിനെതിരെ പ്രതിഷേധം

കൊല്ലം കിഴക്കേകല്ലടയിലൂടെ കടന്നുപോകുന്ന തേനി ദേശീയപാതയുടെ പുതിയ അലൈൻമെന്റിനെതിരെ പ്രതിഷേധം. ജനവാസമേഖല ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

കിഴക്കേകല്ലട, മുട്ടം, കൊച്ചുപ്ലാംമൂട് വാർഡുകളിലുളളവരാണ് കൊല്ലം തേനി ദേശീയപാതയുടെ പുതിയ അലൈന്‍മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തുളളത്. പുതിയ അലൈന്‍മെന്റ് ജനവാസമേഖലകളെ ഇല്ലാതാക്കുമെന്നാണ് നാട്ടുകാരുടെ പരാതി. നിലവിൽ ചിറ്റുമല വഴിയുളള പാത ഒഴിവാക്കി ഒന്‍പതു കിലോമീറ്റർ ലാഭിക്കാൻ നൂറിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന് നാട്ടുകാര്‍ പറയുന്നു.

ഇപ്പോള്‍ പദ്ധതിക്കായി സര്‍വേ നടത്തുന്നത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണം.