വീതികൂട്ടാനായി പാലംപൊളിച്ചു; താല്‍ക്കാലിക നടപ്പാത ഒരുക്കിയില്ല: പരാതി

ചെങ്ങന്നൂരില്‍ വീതികൂട്ടാനായി പാലംപൊളിച്ചപ്പോള്‍ താല്‍ക്കാലിക നടപ്പാത ഒരുക്കിയില്ലെന്ന് നാട്ടുകാരുടെ പരാതി. ചെങ്ങന്നൂര്‍ നഗരസഭാംഗം എതിര്‍ത്തതിനാലാണ് നടപ്പാത ഇല്ലാത്തത് എന്നാണ് ആരോപണം. ആരോപണം തെറ്റെന്ന് കൗണ്‍സിലറും പറഞ്ഞു. 

ചെങ്ങന്നൂര്‍ പെരിശേരി–മുണ്ടങ്കാവ് റോഡി വീതികൂട്ടുന്നതിന്‍റെ ഭാഗമായാണ് വാഴയില്‍ പാലം പൊളിച്ചത്. പാലത്തിന്‍റെ ഒരുഭാഗം പുലിയൂര്‍ പഞ്ചായത്തും മറുഭാഗം ചെങ്ങന്നൂര്‍ നഗരസഭയുടേയും ഭാഗമാണ്. യാത്രക്കാര്‍ക്കായി ബൈക്കടക്കം കടന്നുപോകും വിധം താല്‍ക്കാലിക പാത ഒരുക്കു്നത് നഗരസഭാംഗമായ സുധാമണി തടഞ്ഞെന്നാണ് ആരോപണം. സുധാമണിയുടെ ഭൂമിയില്‍ക്കൂടിവേണം നടപ്പാത ഒരുക്കേണ്ടത്. പാതക്കായി ഇട്ട മണ്ണടക്കം തിരിച്ചെടുപ്പിച്ചെന്നും മോശമായി സംസാരിച്ചെന്നും കരാറുകാരന്‍ പറയുന്നു. 

പാതയില്ലാത്തത് കാരണം കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍ . എന്നാല്‍ ആരോപണം തെറ്റാണെന്നും പറമ്പിലേക്ക് വലിയ വാഹനം കയറ്റിയത് ചോദ്യം ചെയ്തതേയുള്ളു എന്ന് നഗരസഭാംഗമായ സുധാമണി പറയുന്നു. പാത ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും സുധാമണി വിശദീകരിച്ചു.