സ്മാർട്ട് റോഡിനായി കുഴിയെടുത്തു; മഴയ്ക്ക് മുൻപേ മൂടിയില്ല, ദുരിതം

സ്മാർട്ട് റോഡിനായി എടുത്ത കുഴികൾ മൺസൂണിന് മുൻപേ മൂടുമെന്ന മന്ത്രിമാരുടെ ഉറപ്പ് വെറുംവാക്കായി. പലയിടത്തും കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് ശല്യം രൂക്ഷമാണ്.ചിലയിടത്ത് കുഴികൾ മൂടിയെങ്കിലും റോഡ് ടാർ ചെയ്യാത്തതിനാൽ  യാത്രക്കാരും ബുദ്ധിമുട്ടിലാണ്.

മഴക്കാല പൂർവ ശുചീകരണത്തിന് ഒരുങ്ങുന്ന കോർപ്പറേഷൻ ആദ്യം വൃത്തിയാക്കേണ്ടത് നഗരത്തിലെ സ്മാർട്ട് റോഡിനായെടുത്ത കുഴികളാണ്.വൈദ്യുതി കേബിളുകളും ലൈനുകളും റോഡിന് അടിയിലൂടെയാക്കി നഗരത്തെ കൂടുതൽ സുന്ദരമാക്കാൻ ആരംഭിച്ച പദ്ധതിയാണ് ഇങ്ങനെ കിടക്കുന്നത്.മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്നതിനൊപ്പം തന്നെ ഓടയിൽ നിന്ന് മലിനജലം കൂടി ഒഴുകിയെത്തുന്നതോടെ ജനങ്ങൾക്ക് വഴി നടക്കാൻ കഴിയുന്നില്ല.

മഴക്കാലത്ത് ഉണ്ടാകാവുന്ന അപകടങ്ങൾ തടയാനായാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന യോഗത്തിൽ കുഴികൾ മൂടാൻ അടിയന്തര നിർദേശം നൽകിയത്.ചിലയിടത്ത് ഡക്ടുകളുടെ നിർമാണം വേഗത്തിലാക്കി കുഴികൾ ഭാഗികമായി മൂടിയെങ്കിലും യാത്രാ യോഗ്യമല്ല.കരാറുകാരെ പഴിച്ച്‌ കെ.ആർ.എഫ്.ബിയും സ്മാർട്ട് സിറ്റിയും കൈകഴുകിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്.പദ്ധതി വിവരങ്ങൾ അടങ്ങിയ ബോർഡ് , പണി തീരാത്തയിടങ്ങളിൽ സ്ഥാപിക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. പിആർഎസ് റോഡിനും വികസന അതോറിറ്റി ഓഫീസിനും സമീപത്തുള്ള റോഡുകളിലെ ഡക്ടുകളുടെ നിർമാണം പോലും പൂർത്തിയാവാത്തതിനാൽ മഴക്കാലമെത്തിയാലും കുഴികൾ മൂടാനാവില്ല.31 ഇടത്ത് നിർമാണം ആരംഭിച്ചെങ്കിലും ഇതുവരെ ഒന്നുപോലും പൂർത്തിയായിട്ടില്ല