ഒന്നാം പ്രളയത്തിൽ തകർന്നു; സങ്കടക്കാഴ്ചയായി കടപ്ര പള്ളിയോടം

2018ലെ പ്രളയത്തില്‍ തകര്‍ന്ന തിരുവല്ല കടപ്ര പള്ളിയോടം ഇന്നൊരു സങ്കടക്കാഴ്ചയാണ്. അമരവും കൂമ്പും അല്ലാത്തതൊന്നും ബാക്കിയില്ല. നാലു വര്‍ഷമായിട്ടും സര്‍ക്കാര്‍ സഹായം പ്രഖ്യാപനത്തില്‍ ഒതുങ്ങി.

ആറന്‍മുള ജലോല്‍സവത്തിലെ പ്രധാന കാഴ്ചയായിരുന്നു കടപ്ര പള്ളിയോടം. ചാക്കമാര്‍ എന്ന സമുദായത്തിന്‍റെ ഏക പള്ളിയോടം. ഭഗവാന്‍ ആറന്‍മുളയിലെത്തിയപ്പോള്‍ ചങ്ങാടം തുഴഞ്ഞത് ചാക്കമാര്‍ സമുദായക്കാരായിരുന്നു എന്നാണ് വിശ്വാസം. 1956 മുതൽ ആറന്മുളയിൽ ജലഘോഷയാത്രയിലും വള്ളസദ്യകളിലും പങ്കെടുത്തിരുന്നു. മന്നം ട്രോഫി ഏർപ്പെടുത്തിയ 1974ലും, 1975ലും 77ലും കടപ്രയായിരുന്നു വിജയിച്ചത്. പുന്നമടക്കായലിൽ നെഹ്റുട്രോഫിയിലും കൊച്ചിയിലെ ഇന്ദിരാഗാന്ധി ജലോത്സവത്തിലും ചമ്പക്കുളത്തും പായിപ്പാടും നീരേറ്റുപുറത്തുമെല്ലാം ജലഘോഷയാത്രകളിൽ നിത്യസാന്നിധ്യമായിരുന്നു. 2018 ലെ മഹാപ്രളയത്തില്‍ ആകെത്തകര്‍ന്നു. 

നൂറ്റിനാൽപത്തിയൊന്നേകാൽ കോൽ നീളം, 18 അടി അമരപ്പൊക്കം, കൂമ്പിന്റെ ഉയരം 16 അടി, 70 തുഴക്കാർക്ക് കയറാവുന്ന ബി ബാച്ച് പള്ളിയോടത്തിനെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ 20 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് ശിൽപി അയിരൂർ സന്തോഷ് പറഞ്ഞു. കടപ്രയിൽ 35 കുടുംബങ്ങൾ മാത്രമുള്ള ചാക്കമാർ സമുദായത്തിന്‍റെ കയ്യില്‍ നില്‍ക്കുന്നതല്ല ഈ ചെലവ്. വരാന്‍ പോകുന്ന വള്ളസദ്യകളില്‍ കടപ്ര പള്ളിയോടത്തിനും വഴിപാടും ക്ഷണവും ഉണ്ട്. പള്ളിയോടമില്ലാതെ എങ്ങനെ പോകുമെന്നാണ് സംഘാടകരുടെ ആശങ്ക.