കൊല്ലത്ത് ആറ് തദ്ദേശസ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ പൂർത്തിയായി

കൊല്ലത്ത് ആറ് തദ്ദേശസ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. ജില്ലയിൽ ആറ് വാർഡുകളിലായി 8583 വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. ഇതിൽ 3964 പുരുഷന്മാരും 4619 സ്ത്രീകളുമാണുള്ളത്. 20 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. 

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ പി. ആർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ജോലികൾ  ഗ്രാമപഞ്ചായത്ത് ഭരണാധികാരികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പൂർത്തീകരിച്ചു കഴിഞ്ഞു. 

ക്ലാപ്പന ഗ്രാമ പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക് പതിനൊന്നാം വാർഡ്, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്, ആര്യങ്കാവ് ഗ്രാമ പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ്, വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില വാർഡ്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കൽ വാർഡ്, വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാൽ വാർഡ് എന്നിവടങ്ങളിൽ ആണ് നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇന്നലെ നടന്ന കലാഷക്കൊട്ടോടെ സ്ഥാനാർഥികളുടെ തയ്യാറെടുപ്പുകളും പൂർത്തിയായി.