കുരീപ്പുഴ കായൽതീരത്ത് വേലിയേറ്റം; ദുരിതയാത്ര

കൊല്ലം കുരീപ്പുഴ കായൽതീരത്തെ ഇരുപതിലധികം കുടുംബങ്ങള്‍ക്ക് വഴി നടക്കാന്‍ സ്ഥലമില്ല. കായലിന്റെ തീരത്തുളള ചെളി നിറഞ്ഞ സ്വകാര്യഭൂമിയാണ് ആശ്രയം. വേലിയേറ്റത്തില്‍ വെളളം കയറുന്നതിനാല്‍ രോഗികള്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടിലാകുകയാണ്.

ദശാബ്ദങ്ങളായി ഇതുതന്നെയാണ് അവസ്ഥ. കൊല്ലം കോര്‍പറേഷന്‍ ഏഴാം ഡിവിഷന്‍ കുരീപ്പുഴ പാണ്ടോന്നിലാണ് നടന്നുപോകാന്‍ പോലും ബുദ്ധിമുട്ടിലായി ഇരുപതിലേറെ കുടുംബങ്ങള്‍. ശക്തമായ വേലിയേറ്റമുണ്ടായാല്‍ വീടുകളിൽ എല്ലാം വെള്ളം കയറുന്നയിടം. കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുണ്ട്്. കടത്തുവള്ളത്തെ ആശ്രയിക്കുന്നവര്‍ക്ക് കായല്‍തീരത്തു കൂടി വീടുകളിലേക്ക് പോകാന്‍ വഴിയില്ല. ഉദ്യോഗസ്ഥരെത്തി പലവട്ടം അളവു നടപടികള്‍ പൂര്‍ത്തിയാക്കിയതാണ്. പക്ഷേ നടപടി ഉണ്ടാകുന്നില്ല. രാത്രികാലങ്ങളിൽ അസുഖം വന്നാൽ ചുമലിൽ ഏറ്റിയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. ഒാട്ടോറിക്ഷാ പോകാനെങ്കിലും സഞ്ചാരയോഗ്യമായ റോഡ് ഉണ്ടാകണമെന്നാണ് ആവശ്യം