തിരുവനന്തപുരത്തെ ആദ്യ ഭിന്നശേഷി സൗഹൃദ പാര്‍ക്ക് മ്യൂസിയത്തില്‍ തുടങ്ങി

തിരുവനന്തപുരത്തെ ആദ്യ ഭിന്നശേഷി സൗഹൃദ പാര്‍ക്ക് മ്യൂസിയത്തില്‍ തുടങ്ങി. ഭിന്നശേഷിക്കാര്‍ക്ക് വിശ്രമിക്കാനും കാഴ്ചകള്‍ കാണാനുമായി  സാമൂഹ്യ നീതി വകുപ്പാണ്  പാർക്ക് സജ്ജമാക്കിയത്.  എന്നാല്‍ പാർക്കിന്റെ ഉദ്ഘാടനസമ്മേളനം ഭിന്നശേഷി സൗഹൃദമല്ലെന്ന പരാതി ഉയര്‍ന്നു.

തലസ്ഥാനത്ത് ഏറ്റവും കൂടുതലാളുകള്‍ വിശ്രമിക്കാനെത്തുന്ന ഇടങ്ങളിലൊന്നാണ് മ്യൂസിയം. അവിടേക്ക് ഇനി ഭിന്നശേഷികാര്‍ക്കും ധൈര്യമായി കടന്ന് വരാം. സഞ്ചരിക്കാനും കാഴ്ചകള്‍ കാണാനുമൊന്നും തടസങ്ങളുണ്ടാവില്ല. സ്വന്തമായും അല്ലാതെയും വീല്‍ ചെയറിലെത്തുന്നവര്‍ക്ക് സഞ്ചരിക്കാന് കഴിയുന്ന് വിധത്തിലാണ് പാർക്ക്. ഓട്ടിസം ബാധിതരുടെ ഇന്ദ്രിയ വികാസത്തിന് സഹായകമാക്കുന്ന തരത്തിലുള്ള സെന്‍സറി പാര്ക്കും ഒരുക്കിയിട്ടുണ്ട്.

എന്നാല്‍ ഉദ്ഘാടനത്തിനുശേഷം സമ്മേളനം നടത്തിയത് മ്യൂസിയം ഡയക്ടറേറ്റിന്റെ ഒന്നാം നിലയിലായത് ഭിന്നശേഷിക്കാരെ വലച്ചു. വീല്ചെയറില് എത്തിയവർക്ക് പടിക്കെട്ടുകള്‍ കയറി വേണമായിരുന്നു ഓഡിറ്റോറിയത്തിലെത്താന്‍. ലിഫ്റ്റില്ലാതിരുന്നതും പ്രതിസന്ധിയായി. ഇതോടെ വീല്ചെയറില് എത്തിയവര്‍ സമ്മേളത്തില് പങ്കെടുക്കാതെ മടങ്ങി.