പുനലൂർ അ‍ഞ്ചൽ റോഡിന്റെ പുനര്‍നിര്‍മാണം വൈകുന്നു

മലയോര ഹൈവേയുടെ ഭാഗമായ കൊല്ലത്തെ പുനലൂര്‍ അഞ്ചല്‍ റോഡിന്റെ പുനര്‍നിര്‍മാണം വൈകുന്നു. പിറയ്ക്കല്‍ പാലത്തിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നതിനാല്‍ ഏഴുമാസമായി ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ പോകുന്നത്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മലയോരപാതയുടെ ഭാഗമാണിത്. പിറയ്ക്കല്‍ പാലത്തിന് സമീപം 30 മീറ്റര്‍ ദൂരത്തില്‍ മുപ്പതടി താഴ്ചയിലേക്ക‌് സംരക്ഷണഭിത്തി ഉള്‍പ്പെടെ തകര്‍ന്നിട്ട് ഏഴുമാസം പിന്നിടുന്നു. ഒരുവശത്തുകൂടി മാത്രമാണ് ഗതാഗതം. 2023 ഡിസംബര്‍ വരെ റോ‍ഡിന്റെ തകരാര്‍ പരിഹരിക്കാനുളള ബാധ്യത കരാറുകാരനാണ്. ഇതുമറച്ചുവച്ച് കരാറുകാരനെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. ശബരിമല റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മാണം നടത്താനുളള ഉദ്യോഗസ്ഥ നീക്കം പൊതുമരാമത്ത് മന്ത്രി തന്നെയാണ് രണ്ടുമാസം മുന്‍പ് തടഞ്ഞത്. ഇതില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതായാണ് വിവരമെങ്കിലും പ്രഹസനമാണെന്നാണ് ആക്ഷേപം.

പുനര്‍‌നിര്‍മാണത്തിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും മഴക്കാലത്തിന് മുന്‍പ് നിര്‍മാണം പൂർത്തിയാക്കേണ്ടിയിരിക്കുന്നു.