വാല്‍പ്പാറയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി വിട്ടുനല്‍കും; റവന്യുവകുപ്പിന്‍റെ അനുമതി

വാല്‍പാറ കല്ലാര്‍ക്കുടിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് പന്ത്രണ്ട് ഏക്കര്‍ സ്ഥലം അളന്ന് നല്‍കും. സര്‍ക്കാര്‍ കൈമാറിയ തെപ്പക്കുളം മേട്ടിൽ വീടുണ്ടാക്കാന്‍ തയാറെടുത്ത ആദിവാസികളുടെ കൂരകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ വനം വകുപ്പ് അധികൃതർ പൊളിച്ചു നീക്കിയിരുന്നു. കുടുംബങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് ജില്ലാഭരണകൂടം വിഷയത്തില്‍ ഇടപെടുകയായിരുന്നു. 

വര്‍ഷങ്ങളായി ആയിരത്തിലധികം ആദിവാസികള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് കഴിഞ്ഞമാസമാണ് പരിഹാരമുണ്ടായത്. രണ്ടാഴ്ചയിലധികം നീണ്ട നിരാഹാര സമരത്തിന് പിന്നാെല തെപ്പക്കുളത്ത് വീട് നിര്‍മിക്കാന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കി. പലരും ചെറിയ രീതിയില്‍ കൂരയുണ്ടാക്കുകയും ചെയ്തു. അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് വനംവകുപ്പ് കൂര പൊളിച്ച് നീക്കിയതാണ് വീണ്ടും വിവാദത്തിനിടയാക്കിയത്. കലക്ടര്‍ അനുവദിച്ച ഭൂമിയില്‍ വനംവകുപ്പ് അവകാശവാദം ഉന്നയിക്കുന്നത് ആദിവാസി കുടുംബങ്ങളെ ചൊടിപ്പിച്ചു. പ്രശ്ന പരിഹാരം വൈകിയാല്‍ വീണ്ടും പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പും നല്‍കി. പിന്നാലെ സബ് കലക്ടര്‍ ചര്‍ച്ച വിളിച്ചു. പന്ത്രണ്ടേക്കര്‍ ഭൂമി വീട് വയ്ക്കാന്‍ വിട്ട് നല്‍കുമെന്ന് ഉറപ്പ് നല്‍കി. 

അടുത്തദിവസം പൊള്ളാച്ചി സബ് കലക്ടറും വനപാലകരും സംയുക്തമായി തെപ്പക്കുളത്തെ സ്ഥലം അളക്കും. വനപാലകര്‍ അവകാശവാദം ഉന്നയിക്കുന്ന ഭൂമി ഒഴിവാക്കിയാലും ആദിവാസികള്‍ക്ക് കൈമാറാനുള്ള ഭൂമി തെപ്പക്കുളം മേട്ടിലുണ്ടെന്ന് ജില്ലാഭരണകൂടവും അറിയിച്ചു.