കോന്നി മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് വീണ്ടും കൂട്ട സ്ഥലം മാറ്റം; പ്രതിഷേധം

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനു ‌പകരം, വീണ്ടും ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. വിവിധ മെഡിക്കല്‍ കോളജുകളിലെ പത്തൊന്‍പത് ഡോക്ടര്‍മാരെ ഒന്നിച്ച് സ്ഥലം മാറ്റിയതിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തി. കോളജിന് അംഗീകാരം നേടിയെടുക്കുന്നതിനുള്ള നീക്കുപോക്ക് മാത്രമാണെന്നും സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാനുള്ള നടപടിയായി ഇതിനെ കാണണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ നിന്നു പത്തൊന്‍പതു ഡോക്ടർമാരെയാണ്  കോന്നിയിലേക്ക് മാറ്റി നിയമിച്ചത്. മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയ്ക്ക് മുന്നോടിയായുള്ള നടപടി കണ്ണില്‍ പൊടിയിയാനുള്ള തട്ടിപ്പാണെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു. സ്ഥലം മാറ്റം സുഗമമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. 

കഴിഞ്ഞ സെപ്റ്റംബറില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നു നാല്‍പത്തിയേഴു ഡോക്ടര്‍മാരെ കോന്നിയിലേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിച്ചിരുന്നു. ഇതിനെതിരെ ഡോക്ടര്‍മാരുടെ സംഘടന ഉള്‍പ്പടെ രംഗത്ത് വരികയും ചെയ്തു. അതേ സമയം മെഡിക്കല്‍ കോളജിന് വേഗത്തില്‍ അംഗീകാരം നേടിയെടുക്കാനുള്ള സാങ്കേതികമായ നടപടികള്‍ മാത്രമാണ് ഇതെല്ലാമെന്നാണ് ആരോഗ്യവകുപ്പിന്റെ ന്യായീകരണം.  വളഞ്ഞ വഴികളിലൂടെ മെഡിക്കല്‍ കോളജിന് അനുമതി വാങ്ങുന്നത് ഭാവിയില്‍ തിരിച്ചടിയാകുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.