ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി; അസ്വാഭാവികമരണത്തിന് കേസ്

കൊല്ലം ശാസ്താംകോട്ടയിൽ സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോരുവഴി സ്വദേശിയായ യുവാവിനെ ബന്ധുക്കളുടെ അനുമതിയില്ലാതെ  ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നാണ് പരാതി. എന്നാൽ ചികിത്സയിലും ശസ്ത്രക്രിയയിലും വീഴ്ചയില്ലെന്നാണ് ശാസ്താംകോട്ടയിലെ പത്മാവതി ആശുപത്രിയുടെ വിശദീകരണം. 

ആൻജിയോഗ്രാം ചെയ്യാനായി കഴിഞ്ഞ മാസം 25 നാണ് അജികുമാർ ആശുപത്രിയിൽ എത്തിയത്. ഹൃദയത്തിൽ ഒരു ബ്ലോക്ക് ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി.ഒരു ബ്ലോക്ക് എന്നു പറഞ്ഞ് ശസ്ത്രക്രിയ തുടങ്ങിയ ഡോക്ടർമാർ അനുവാദം വാങ്ങാതെ നാലു ശസ്ത്രക്രിയകൾ നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.

ശസ്ത്രക്രിയയെ തുടർന്നുള്ള രക്ത സ്രാവമാണ് ഞായറാഴ്ച പുലർച്ചെ അജികുമാറിന്റെ മരണത്തിന് കാരണമായതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും ചികിൽസയിൽ പിഴവില്ലെന്നും ആശുപത്രി മാനേജ്മെന്റ് അവകാശപ്പെട്ടു.

ശസ്ത്രക്രിയ നടത്താനുള്ള രേഖാമൂലമുള്ള അനുമതി അജികുമാറിന്റെ ബന്ധുക്കളിൽ നിന്ന് വാങ്ങിയിരുന്നതായാണ് പത്മാവതി ആശുപത്രിയുടെ വിശദീകരണം.  അജികുമാറിന്റെ  ബന്ധുക്കളുടെ പരാതിയിൽ  അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.