കരഭൂമിയിൽ നെൽക്കൃഷി; തൊണ്ണൂറ് സെന്റിലെ കാർഷികവിജയം

കരഭൂമിയിൽ നെൽകൃഷി ചെയ്ത് സമ്പൂർണ വിജയം. കൊല്ലം കൊട്ടാരക്കര മൈലം സ്വദേശി രാജേന്ദ്രൻപിള്ളയാണ് തൊണ്ണൂറു സെന്റില്‍ കൃഷിയിറക്കിയത്.മൈലം പഞ്ചായത്ത് പതിനാറാം വാർഡിൽ പെരുംകുളം പരുവിള വീട്ടിൽ രാജേന്ദ്രൻപിള്ളയുടെ കരനെല്‍കൃഷിക്ക് നൂറു മേനി വിളവാണ് ലഭിച്ചത്. 90 സെന്റിൽ നിന്ന് 1000 കിലോയിലധികം നെല്ല് നേട്ടമാണെന്ന് കൃഷി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. നെല്‍കൃഷി ഒഴിവാക്കി വാഴയും റബറുമൊക്കെ പാടങ്ങളില്‍ വേരുപിടിക്കുന്ന കാലത്താണ് രാജേന്ദ്രൻപിള്ള കരഭൂമിയില്‍ നെല്‍കൃഷിയിറക്കിയത്. കൊട്ടാരക്കരയിലെ സർക്കാർ വിത്തുല്പാദ കേന്ദ്രത്തിലെ ഉമ എന്ന നെൽവിത്താണ് കൃഷി ചെയ്യാൻ ഉപയോഗിച്ചത്. യഥാസമയം മഴയും ലഭിച്ചതും കൃഷിക്ക് നേട്ടമായി.

     ജില്ലയിലെ മികച്ച കൃഷി ഒാഫീസർക്കുള്ള അവാർഡ് നേടിയ ചിത്രയുടെ പിന്തുണയും കര്‍ഷകന് ലഭിച്ചു. പരമ്പരാഗത നെൽവിത്തായ രക്തശാലി കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രാജേന്ദ്രൻപിള്ളയെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.പഞ്ചായത്ത് പ്രസി‍ഡന്റ് ബിന്ദു ജി നാഥ് കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്തു.