അയ്യങ്കാളി ഫ്ളാറ്റ് സമുച്ചയം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു; പരാതി

തിരുവനന്തപുരം വെങ്ങാനൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിലൂടെ പട്ടികജാതി കുടുംബങ്ങൾക്കായി നിർമിച്ച അയ്യങ്കാളി ഫ്ളാറ്റ് സമുച്ചയം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു. ഒരു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ വൈദ്യുതിയും വെള്ളവും എത്താത്തതുമൂലം ഗുണഭോക്താക്കൾക്ക് കൈമാറിയില്ല. ലൈഫ്പദ്ധതിയിൽ നിർമിച്ച 12,000 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കാനിരിക്കെയാണിത്.  

വീടില്ലാത്ത 21 പട്ടികജാതി കുടുംബങ്ങൾക്ക് വേണ്ടി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചതാണ് തിരുവനന്തപുരം വെങ്ങാനൂരിലെ ഈ സമുച്ഛയം. 20 സെന്റിൽ നാലു നിലകളിലായി ബേക്കർ മാതൃകയിൽ നിർമിച്ച സമുച്ഛയത്തിന്  വെങ്ങാനൂരിൽ ജനിച്ച അയ്യങ്കാളിയുടെ പേര് തന്നെ നൽകി. തദ്ദേശതിരഞ്ഞെടുപ്പ് മുൻപ് അന്നത്തെ പഞ്ചായത്ത് സമിതി കെട്ടിടത്തിന്റെ ഉദ്ഘാടന നടത്തി. പക്ഷേ വൈദ്യുതിയും വെള്ളവും ലഭിച്ചിരുന്നില്ല. ചുറ്റുമതിൽ ഇല്ലാത്തത് കൊണ്ട് സമുച്ഛയം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 

അതേസമയം, അവശേഷിക്കുന്ന നടപടികൾ പൂർത്തിയാക്കി എത്രയും വേഗം ഫ്ളാറ്റുകൾ കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ ഉറപ്പുനൽകുന്നു. ഉറപ്പുകൾ പലവട്ടം കേട്ടിട്ടുള്ളുതുകൊണ്ട് തന്നെ ഈ ഫ്ളാറ്റുകൾ സ്വപ്നം കണ്ട് തലചായ്ക്കാൻ ഇടമില്ലാത്ത 21 കുടുംബങ്ങൾ കാത്തിരിക്കുന്നുണ്ടെന്ന് മാത്രമേ ഓർമിപ്പിക്കാനുള്ളു.