മഴ പെയ്താൽ ചെളിക്കുളം; നാട്ടുകാർക്ക് ദുരിതമായി നിലമേൽ റോഡ്

കൊല്ലം നിലമേലില്‍ റോഡ് തകര്‍ന്ന് രണ്ടുവര്‍ഷമായിട്ടും നവീകരണമില്ല. പൊടിശല്യവും മഴ പെയ്താല്‍ ചെളിക്കുളമാകുന്ന റോഡ് വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാണ്.

നിലമേല്‍ പാരിപ്പളളി റോഡാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. മഴപെയ്താൽ റോഡില്‍‌ വെളളക്കെട്ടാണ്. ഓട നിർമിക്കാതെ റോഡ് പണിതതു കാരണം വെളളം ഒഴുകിപ്പോകാനിടമില്ലാതെയായി. വ്യാപാരസ്ഥാപനങ്ങളിലേക്കും വെളളം എത്തുന്നു. രണ്ടുവര്‍ഷമായി റോഡിന്റെ അവസ്ഥയിതാണെന്ന് നാട്ടുകാര്‍ പറയുന്നു.

തിരക്കേറിയ റോഡിലെ കുഴികൾ വാഹനങ്ങളെ ഗതാഗതക്കുരുക്കിലും എത്തിക്കുന്നു .നിരവധി അപകടങ്ങളാണ് രണ്ടു വർഷത്തിനുള്ളിലുണ്ടായത്. അപകടം തുടർക്കഥ ആകുമ്പോൾ കുഴിയടക്കാൻ മെറ്റൽ കൊണ്ടിടുന്നതാണ് രീതി. കല്ല് തെറിച്ച് വീഴുന്നതിനൊപ്പം പൊടി ശല്യവും വ്യാപാരികളെ ബാധിക്കുന്നു. പരിഹാരം വേണമെന്നാവശ്യപ്പെട്ട് വ്യാപാര വ്യവസായി ഏകോപന സമിതി കൊല്ലം പിഡബ്ല്യുഡി എൻജിനീയർക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകി.