സെക്രട്ടറിയുടെ പേര് എഴുതിയ ബോര്‍‍ഡ് കാൺമാനില്ല! നഗരസഭാ ആസ്ഥാനത്ത് വീണ്ടും വിവാദം

കൊല്ലം പുനലൂർ നഗരസഭാ ആസ്ഥാനത്ത് സെക്രട്ടറിയുടെ പേര് എഴുതിയ ബോര്‍‍ഡ് കാണാതായി. കഴിഞ്ഞ ദിവസം സെക്രട്ടറിയുടെ മുറിപൂട്ടി താക്കോല്‍ കാണാതായതിന് പിന്നാലെയാണ്‌ പുതിയ വിവാദം. സെക്രട്ടറിയും ഭരണസമിതിയും തമ്മിലുളള ഭിന്നതയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് കോണ്‍‌ഗ്രസ് ആരോപണം.

പുനലൂര്‍ നഗരസഭയില്‍ സിപിഎം നേതൃത്വത്തിലുളള ഭരണസമിതിയും നഗരസഭാ സെക്രട്ടറിയും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സെക്രട്ടറി നഗരസഭാ ഭരണം മോശമാണെന്ന് സന്ദേശം അയച്ചെന്നും ഇത് ഭരണകക്ഷി അംഗങ്ങളെ ചൊടിപ്പിച്ചെന്നുമാണ് ആക്ഷേപം. വിവാദങ്ങള്‍ക്കിടെ കുറച്ചുദിവസം സെക്രട്ടറി അവധിയിലായിരുന്നു. തിരികെ എത്തിയപ്പോള്‍ ഒാഫീസ് പുറത്തു നിന്ന് പൂട്ടിയിട്ട നിലയില്‍. ഇതിന് പിന്നാലെയാണ് സെക്രട്ടറിയുടെ ഓഫിസിന് മുന്നിലുണ്ടായിരുന്ന പേര് എഴുതിയ ബോര്‍ഡ‍് കാണാതായത്. സുരക്ഷ കണക്കിലെടുത്താണ് ഓഫിസ് പൂട്ടിയതെന്ന് നഗരസഭാധ്യക്ഷ പറയുന്നു. പക്ഷേ ബോര്‍ഡ് നീക്കിയത് ആരാണെന്ന് അറിയില്ല. പൊലീസിന്റെ സഹായം തേടിയെന്നും വിശദീകരണം.

 സിസിടിവിയില്‍ നിന്ന് ദൃശ്യങ്ങളെടുത്താല്‍ പൊലീസിന് പണി എളുപ്പമാകും. അതേസമയം തമ്മിലടിപ്പിക്കാന്‍‌ ബോധപൂര്‍വം ആരോ ചെയ്യുന്നതാണെന്നാണ് ഭരണകക്ഷിയിലെ ചില അംഗങ്ങളുടെ സംശയം.