അഷ്ടമുടിക്കായലിന്റെ പുനരുജീവനം; ജലയാത്ര നടത്തി നേതാക്കള്‍

മാലിന്യവും കയ്യേറ്റവും കൊണ്ട് വീര്‍പ്പുമുട്ടുന്ന കൊല്ലത്തെ അഷ്ടമുടിക്കായലിനെക്കുറിച്ച് പഠിക്കാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജലയാത്ര. കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി കൊല്ലം കോർപറേഷനാണ് കായല്‍സഞ്ചാരം ക്രമീകരിച്ചത്. 

കെഎസ്ആര്‍ടിസിക്ക് സമീപമുളള ബോട്ട് ജെട്ടിയിൽ നിന്നായിരുന്നു യാത്ര. എൻകെ പ്രേമചന്ദ്രൻ എംപി ഫ്ലാഗ് ഓഫ് ചെയ്ത യാത്രയിൽ എംഎൽഎമാരായ എം. മുകേഷ്, എം. നൗഷാദ്, മേയര്‍ പ്രസന്ന ഏണസ്റ്റ് എന്നിവര്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവും ഉണ്ടായിരുന്നു. കാവനാട്, അരവിളക്കടവ്, സാമ്പ്രാണിക്കോട്, കോട്ടയത്തു കടവ്, മങ്ങാട്, കല്ലുംതാഴം എന്നീ പ്രദേശങ്ങളിലൂടെ രണ്ടു മണിക്കൂര്‍ സഞ്ചാരം. തുടര്‍ന്ന് ബോട്ട് ജെട്ടിയില്‍ നടന്ന യോഗത്തില്‍ മന്ത്രി കെ.എൻ. ബാലഗോപാലിന് മേയർ പ്രസന്ന ഏണസ്റ്റ് റിപ്പോർട്ട് കൈമാറി.

മാലിന്യപ്രശ്നങ്ങളും കയ്യേറ്റവുമാണ് പ്രധാനം. അഷ്ടമുടി കായൽ പുനരുജ്ജീവനത്തിന് കൊല്ലം കോർപറേഷൻ രൂപം നൽകിയ 1.25 കോടി രൂപയുടെ പദ്ധതിക്കു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. മാർച്ച് 31നു മുൻപു നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. കെഎസ്ആർടിസി ഡിപ്പോ ഉൾപ്പെടെ കായലിന്റെ ചുറ്റുമുള്ള മേഖല വികസിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നു മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.