കുടുംബ വഴക്ക്; ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; ഭാര്യ കസ്റ്റഡിയിൽ

തിരുവനന്തപുരം അമ്പൂരിയില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. അമ്പൂരി കുട്ടമല സ്വദേശിനി സുമലതയാണ് ഭര്‍ത്താവ് സെല്‍വമുത്തുവിനെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഇന്ന് പുലര്‍ച്ചെ സുമലതയാണ്  ഭര്‍ത്താവ് കിടപ്പുമുറിയില്‍ അനക്കമില്ലാതെ കിടക്കുന്നതായി അയല്‍വാസിയെ വിളിച്ചറിയിച്ചത്. അയല്‍ക്കാരെത്തി നോക്കിയതോടെ കൊലപാതകമാണെന്ന് വ്യക്തമായി. കഴുത്തിലും തലക്കും വെട്ടേറ്റിട്ടുണ്ട്. ഉടന്‍ തന്നെ പൊലീസെത്തി സുമലതയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചെങ്കിലും കാരണം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തി.

ഏതാനും ദിവസം മുന്‍പും വീട്ടില്‍ വഴക്കുണ്ടായിരുന്നതായി പോലിസിന് നാട്ടുകാര്‍ മൊഴിനല്‍കി. അതേസമയം സുമതല മാനസിക വെല്ലുവിളിക്ക് ചികിത്സ തേടിയിരുന്നു. മാനസിക വിഭ്രാന്തിയാണോ കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.