കോഴിമാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം

കൊല്ലം വെളിനല്ലൂർ മുളയറച്ചാലില്‍ കോഴിമാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സ്വകാര്യ പ്ളാന്റിലേക്ക് മാര്‍ച്ച് നടത്തി. സ്ഥാപനത്തിന് അനുമതി നല്‍കരുതെന്ന് എെഎവൈഎഫ് ഉള്‍പ്പെടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

വെളിനല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാലിലാണ് സ്വകാര്യസ്ഥാപനത്തിന് പഞ്ചായത്ത് അനുമതി നല്‍കിയത്. കോഴി മാലിന്യം സംസ്കരിച്ച് ഇവിടെ നിന്ന് മൃഗങ്ങള്‍ക്ക് ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ തയാറാക്കുന്നതാണ് പദ്ധതി. നിര്‍മാണപ്രവൃത്തികള്‍ തുടരുകയാണ്്. ജനവാസമേഖലയോട് ചേര്‍ന്ന ഇത്തരം സ്ഥാപനങ്ങള്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

കോണ്‍‌ഗ്രസ് നേതൃത്വത്തില്‍ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‌പ്പെടെയുളളവര്‍ തെറ്റിധരിപ്പിച്ചാണ് സ്ഥാപനത്തിന് അനുമതി കൊടുത്തതെന്നാണ് പരാതി. 

കെട്ടിടം നിര്‍മിക്കാന്‍ അനുമതി കൊടുത്തെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. വയനാട്ടിലെ മുട്ടിൽ ഗ്രാമപഞ്ചായത്തില്‍ ഇതേരീതിയില്‍ പ്ളാന്റ് പ്രവര്‍ത്തിക്കുന്നതായാണ് പഞ്ചായത്ത് ഭരണസമിതി സാക്ഷ്യപ്പെടുത്തുന്നത്.