അണക്കെട്ടുകളിൽ നിരീക്ഷണ ക്യാമറ; ശബരിഗിരിയിലും കക്കാടും പ്രവൃത്തി തുടങ്ങി

ശബരിഗിരി, കക്കാട് ജലവൈദ്യുത പദ്ധതികളുടെ സംഭരണികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു. അണക്കെട്ടിലും പരിസര പ്രദേശങ്ങളിലും ക്യാമറ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. മഹാപ്രളയത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടാണ് സംഭരണികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്. 

ജലനിരപ്പു അറയുന്നതിനും ഒപ്പം സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ക്യാമറകള്‍ അത്യാവശ്യമാണെന്ന കേന്ദ്ര ജല കമ്മിഷന്റെ നിര്‍ദേശാനുസരണമാണ് നടപടി. മൂഴിയാർ, കക്കി, ആനത്തോട്, പമ്പ എന്നിവടങ്ങളില്‍ ക്യാമറ സ്ഥാപിച്ചു തുടങ്ങി. വൈദ്യുതി ബോര്‍ഡിന്റെ കോട്ടയം പള്ളത്തെ ഓഫിസിലായിരിക്കും ക്യാമറകള്‍ നിരീക്ഷിക്കുന്നത്. 

സംസ്ഥാനത്ത് ഒട്ടാകെ ഇതിനോടകം 12 അണക്കെട്ടുകളിൽ ക്യാമറ സ്ഥാപിച്ചു കഴിഞ്ഞു.