നിലമേല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ‍് നിര്‍മാണത്തില്‍ അഴിമതി?; വിജിലന്‍സ് അന്വേഷണം

കൊല്ലം നിലമേല്‍ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ‍് നിര്‍മാണത്തില്‍ അഴിമതിയാണെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. 

യുഡിഎഫ് നേതൃത്വത്തിലുളള പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഡിവൈഎഫ്ഐ നിലമേൽ മണ്ഡലം കമ്മിറ്റിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്.നിലമേല്‍ ഗ്രാമപഞ്ചായത്തിൽ 2015 2020 വര്‍ഷത്തില്‍ സ്വകാര്യ ബസ് സ്റ്റാൻഡ് നിർമാണത്തില്‍ അഴിമതി നടത്തിയെന്നാണ് ഡിവൈഎഫ്െഎയുടെ പരാതി. 

തിരുവനന്തപുരം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഒാഫീസിലെത്തി രേഖകള്‍‍ പരിശോധിച്ചു. 68 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കായി കാത്തിരുപ്പുകേന്ദ്രം പോലുമില്ലെന്നാണ് ആക്ഷേപം. വെള്ളക്കെട്ട് ഒഴിവാക്കുവാൻ പഞ്ചായത്ത് ഭരണസമിതി വീണ്ടും മൂന്നു ലക്ഷം രൂപ അനുവദിച്ച് ഓട നിർമിക്കുകയാണ്. മഴ ആയാൽ ബസ്റ്റാൻഡിനകത്ത് വെള്ളക്കെട്ടാണ്. സമീപത്തുള്ള കടയ്ക്ക് ഉളളിലേക്ക് വെള്ളം കയറുന്നതായും പരാതിയുണ്ട്.

   യു‍ഡിഎഫ് നേതൃത്വത്തിലാണ് പഞ്ചായത്ത് ഭരണം. വിജിലന്‍സ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വിശദീകരണം. കാത്തിരിപ്പുകേന്ദ്രമുണ്ടെന്നും 37 ലക്ഷം രൂപയുടെ നിര്‍മാണപ്രവൃത്തിയാണ് നടന്നതെന്നും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എം.റാഫി അറിയിച്ചു.