വൈഎംസിഎ കൈവശം വച്ചിരുന്ന സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുത്തു; പ്രതിഷേധം

കൊല്ലം വൈഎംസിഎ കൈവശം വച്ചിരുന്ന സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉദ്യോഗസ്ഥനീക്കത്തില്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും ക്രൈസ്തസഭാ ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. നാളെ (തിങ്കള്‍) സംസ്ഥാനവ്യാപകമായി പ്രതിഷേധയോഗം സംഘടിപ്പിക്കും.

ചിന്നക്കടയില്‍ വൈഎംസിഎ കൈവശം വച്ചിരുന്ന 85 സെന്റ് സ്ഥലവും കെട്ടിടങ്ങളും റവന്യൂവകുപ്പ് വെളളിയാഴ്ചയാണ് ഏറ്റെടുത്തത്. സര്‍ക്കാരിന്റെ തിരക്കിട്ട നീക്കത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. ക്രൈസ്തവസഭാ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ വൈഎംസിഎയ്ക്ക് മുന്നില്‍ പ്രതിഷേധ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു. കോവിഡ് കാലത്തും സേവനത്തിലുളള പ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. റവന്യൂവകുപ്പിന്റെ നടപടി 

അറിഞ്ഞില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്. ആരാണ് പിന്നിലെന്ന് അറിയില്ലെങ്കിലും ഉത്തരേന്ത്യയിലെപ്പോലെയുളള നടപടികള്‍ക്ക് തുല്യമാണെന്ന് കൊല്ലം രൂപതാ ബിഷപ് ഡോക്ടര്‍ പോള്‍ ആന്റണി മുല്ലശേരിയുടെ വിമര്‍ശനം. 

വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് സഖറിയാസ് മാര്‍ അന്തോണിയോസ്, ബിഷപ് ഉമ്മന്‍ ജോര്‍ജ് എന്നിവരും ആവശ്യപ്പെട്ടു. നാളെ സംസ്ഥാനത്തെ എല്ലാം വൈഎംസിഎകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് വൈഎംസിഎ കേരള റീജിയന്റെ തീരുമാനം. 95 വര്‍ഷം കുത്തകപാട്ടമായി വൈഎംസിഎ കൈവശം വച്ചിരുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇവിടെ സര്‍ക്കാര്‍ ഒാഫീസ് തുടങ്ങുകയും ചെയ്തിട്ടുണ്ട്. വൈഎംസിഎ പാട്ടക്കരാര്‍ ലംഘിച്ചെന്നാണ് സര്‍ക്കാര്‍ വാദം.