കല്ലട ജലസേചന പദ്ധതിയുടെ കനാല്‍ റോഡുകള്‍ തകര്‍ന്നു; നാട്ടുകാര്‍ ദുരിതത്തിൽ

കല്ലട ജലസേചന പദ്ധതിയുടെ കനാല്‍ റോഡുകള്‍ തകര്‍ന്നത് കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയിലെ നാട്ടുകാര്‍ക്ക് ദുരിതമായി. കാലങ്ങളായി അറ്റകുറ്റപ്പണി പോലുമില്ലാത്തതിനാല്‍ അപകടകരമായ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഡിയോ റിപ്പോർട്ട് കാണാം. 

കല്ലട ജലസേചനപദ്ധതിയുടെ കനാലുകള്‍ക്ക് ഇരുവശത്തുമായി മിക്കയിടങ്ങളിലും റോഡ് നിര്‍മിച്ച് കാലങ്ങള്‍ക്ക് മുന്‍പേ ഗതാഗതയോഗ്യമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി അറ്റകുറ്റപ്പണി പോലും ഇല്ലാത്തതിനാല്‍ ഇപ്പോള്‍ നാട്ടുകാര്‍ ബുദ്ധിമുട്ടുന്നു. പത്തനാപുരം, പിറവന്തൂര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ റോഡിന്റെ ടാറിങ് ഇളകി വലിയ രീതിയില്‍ കുഴികള്‍ രൂപപ്പെട്ടു. വാഹനങ്ങള്‍ കനാലിലേക്ക് മറിയുന്നതിനും കാരണമാകുന്നു. കല്ലട ജലസേചന പദ്ധതിയുടെ പ്രാദേശിക ഒാഫീസുകള്‍ മിക്കതും നിര്‍ത്തലാക്കിയതോടെ അറ്റകുറ്റപ്പണി പോലും കൃത്യമായി നടക്കുന്നില്ല. ഗ്രാമപഞ്ചായത്തുകളും താല്‍പ്യമെടുക്കുന്നില്ല.

കനാലിന്റെ സ്ഥലം കയ്യേറുന്നത് ഒഴിവാക്കാന്‍ ഇരുവശത്തും നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ റോഡ് നിര്‍മിക്കണമെന്നത് കഴിഞ്ഞ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചതാണ്. എന്നാല്‍ കനാല്‍ റോഡുകളുടെ പരിപാലനത്തിനും ടാറിങ്ങിനും കൃത്യമായ ഏകോപനമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഗ്രാമീണറോഡുകളുടെ വികസനത്തിനായുളള ഫണ്ട് കനാല്‍റോഡുകളിലേക്കും എത്തിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാനാകും.