പള്ളിപ്പുറം പാടശേഖരത്തില്‍ വീണ്ടും മടവീഴ്ച; നെല്‍കൃഷി വെള്ളത്തിൽ

തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്തെ പള്ളിപ്പുറം പാടശേഖരത്തില്‍ മട വീണ് നൂറ്റിഇരുപതേക്കറോളം സ്ഥലത്തെ നെല്‍കൃഷി വെള്ളത്തിലായി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ മട വീഴുന്നത്. തോട് സംരക്ഷിക്കണമെന്ന ആവശ്യം മൈനര്‍ ഇറിഗേഷന്‍ വിഭാഗം അംഗീകരിക്കാത്തതാണ് തുടര്‍ച്ചയായുള്ള കൃഷിനാശത്തിന് കാരണമെന്നാണ് കര്‍ഷകരുടെ പരാതി. 

കൊയ്യാറായ നെല‍്‍ചെടികളാണ് മുട്ടൊപ്പം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്. നൂറ്റി ഇരുപതേക്കറോളം പാടത്തെ കര്‍ഷകന്റെ അധ്വാനവും വെള്ളത്തിലായി.. പാടത്തിന്റെ നടുവിലൂടെയുള്ള തോട്ടിലെ ബണ്ട് തകര്‍ന്നാണ് വെള്ളം നിറഞ്ഞത്. രണ്ടാഴ്ച മുന്‍പും ഇതേ പാടത്ത് െവള്ളം കയറി കൃഷി നശിച്ചിരുന്നു.

ബണ്ട് ബലപ്പെടുത്തണമെന്നും തോടിന് സംരക്ഷണഭിത്തി കെട്ടണമെന്നുമൊക്കെ വര്‍ഷങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെടാറുണ്ട്. പക്ഷെ ആരും കേള്‍ക്കാറില്ല. അങ്ങിനെ വര്‍ഷവും കൃഷിനാശവും സാമ്പത്തിക നഷ്ടവും മാത്രം  മിച്ചം. ഇതോടെ പള്ളിപ്പുറം പാടത്തെ കൃഷിയും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.