നാലുമാസമായി ശമ്പളമില്ല; വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ജോലിക്കാർ ദുരിതത്തിൽ

തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നാലുമാസമായി ശമ്പളമില്ല. ഫണ്ടുണ്ടായിട്ടും മനപൂര്‍വം വൈകിക്കുന്നുവെന്നാണ് പരാതി. എന്നാല്‍ ഹാജര്‍രേഖകള്‍ ലഭ്യമാകാത്തതുകൊണ്ടാണ് ശമ്പളം വിതരണം വൈകുന്നതെന്നാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റ വിശദീകരണം.   

പതിനഞ്ച് വര്‍ഷമായി ജില്ലയിലെ പാര്‍ക്കുകളില്‍ ജോലി ചെയ്യുന്ന അന്‍പത്തിയഞ്ച് പേരാണ് ഡി.ടി.പിസിക്ക് മുന്നില്‍ ്പ്രതിഷേധിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ വന്നതിന് ശേഷം രണ്ട് മാസത്തെ ശമ്പളം കിട്ടി. ശേഷിച്ച നാല് മാസത്തെ ശമ്പളമാണ് കിട്ടാനുള്ളത്. പല തവണ കലക്ടറേറ്റിലും ഡി.ടി.പി.സിയിലും കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു. 

പതിനഞ്ച് ദിവസമെങ്കിലും ജോലി ചെയ്തവര്‍ക്കേ മുഴുവന്‍ ശമ്പളവും നല്‍കാവുവെന്ന് സര്‍ക്കാരില്‍ നിന്ന് നിര്‍ദേശമുണ്ടെന്നാണ് ഡി.ടി.പി.സി പറയുന്നത്. അങ്ങനെയെങ്കില്‍ ജോലി ചെയ്ത ദിവസയെങ്കിലും ശമ്പളം തന്നുകൂടേയെന്നാണ് ഇവരുടെ ചോദ്യം.

 അതേസമയം ഹാജര്‍ സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞദിവസമാണ് ലഭിച്ചതെന്നും, രണ്ടുദിവസത്തിനുള്ളില്‍ ശമ്പളം നല്‍കാന്‍ കഴിയുമെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.