കളിമണ്ണില്ലെന്ന് കമ്പനി; ഇംഗ്ളീഷ് ഇന്ത്യന്‍ ക്ളേ ലിമിറ്റഡ് അടച്ചു

തിരുവനന്തപുരം വേളിയിലെ ഇംഗ്ളീഷ് ഇന്ത്യന്‍ ക്ളേ ലിമിറ്റഡ് തല്‍കാലത്തേക്ക് അടച്ചു. പ്രവര്‍ത്തനത്തിന് ആവശ്യമായ കളിമണ്ണ് ലഭിക്കാത്തതാണ് കാരണമെന്ന് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ബോണസും ആനുകൂല്യങ്ങളും നല്‍കാതിരിക്കാനുള്ള തന്ത്രമെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

കളിമണ്ണില്‍ വിവിധ വസ്തുക്കളുണ്ടാക്കുന്ന കമ്പനിയാണ് ഇംഗ്ളീഷ് ഇന്യന്‍ ക്ളേ ലിമിറ്റഡ്. നാല്‍പത് വര്‍ഷത്തോളമായി തിരുവനന്തപുരത്തെ വേളിയിലുള്ള കമ്പനിയുടെ യൂണിറ്റില്‍ ആയിരത്തി അഞ്ഞൂറിലേറെ തൊഴിലാളികളുണ്ട്. ഇന്ന് രാവിലെ ജോലിക്ക് കയറാനെത്തിയവര്‍ കണ്ടത് ഗേറ്റില്‍ തൂക്കിയിരിക്കുന്ന ഈ കടലാസാണ്. കമ്പനി തല്‍കാലം അടച്ചുപൂട്ടിയെന്ന്.

കമ്പനിയുടെ സ്വന്തം മൈനുകളെല്ലാം നിലച്ചതിനാലാണ് ഉല്‍പാദനത്തിന് ആവശ്യമായ ചൈനാ ക്ളേ കിട്ടുന്നില്ല. നഷ്ടം കൂടി വരികയാണ്. തൊഴിലാളികളുടെ ക്ഷേമം നോക്കിയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. ഇനി മുന്നോട്ട് പോകാനാവില്ല. ഇതാണ് പൂട്ടാനുള്ള കാരണമായി നോട്ടീസില്‍ പറയുന്നത്. എന്നാല്‍ 

ഓണത്തിന്റെ ബോണസ് ഈ ആഴ്ച കൊടുക്കേണ്ടതാണ്. അതൊഴിവാക്കാനുള്ള കള്ളക്കളിയാണ് അടച്ചുപൂട്ടലെന്നാണ് തൊഴിലാളികളുടെ പരാതി.ഗേറ്റില്‍ നോട്ടീസ് പതിച്ചതല്ലാതെ ഒരു തൊഴിലാളിയെ പോലും  അറിയിക്കാത്തതും ദുരൂഹമാണെന്നും പരാതിയുണ്ട്.