കുറ്റിക്കുരുമുളക് വാങ്ങിയതില്‍ അഴിമതി; യു ഡി എഫ് ആരോപണം; നിഷേധിച്ച് നഗരസഭ

കായംകുളം നഗരസഭയില്‍ കുറ്റിക്കുരുമുളക് വാങ്ങിയതില്‍ അഴിമതിയെന്ന് ആരോപണം. സര്‍ക്കാര്‍ ഏജന്‍സികളെ മറികടന്ന് സ്വകാര്യ നഴ്സറികളില്‍നിന്ന് 32 ലക്ഷം രൂപയുടെ തൈകള്‍ വാങ്ങിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍ ആരോപണം തെറ്റാണെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. 

വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണ് മുപ്പത്തി രണ്ടായിരം കുറ്റിക്കുരുമുളക് വള്ളികള്‍ നഗരസഭയില്‍ എത്തിച്ചത്. പന്ത്രണ്ടായിരം കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍. എന്നാല്‍ കുറ്റിമുളകെന്ന പേരില്‍ വള്ളിമുളകാണ് വിതരണത്തിനെത്തിച്ചതില്‍ ഏറെയെന്ന് യുഡിഎഫ് ആരോപിച്ചു. ഗുണമേന്മ ഇല്ലാത്ത തൈകള്‍ സ്വകാര്യ നഴ്സറികളില്‍ നിന്ന് വിലക്കെടുത്തതില്‍ അന്വേഷണം വേണമെന്നാണ് ആവശ്യംഎന്നാല്‍ കാര്‍ഷിക വികസന സമിതി യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തതെന്നും,  ഫാമുകള്‍ സന്ദര്‍ശിച്ച് ഗുണമേന്മയുള്ള തൈകളാണ് വാങ്ങിയതെന്നും നഗരസഭാ ചെയ.ര്‍മാന്‍ കെ.ശിവദാസന്‍ പറഞ്ഞു. 

സർക്കാർ ഏജൻസിയിൽനിന്ന് 100 രൂപാ നിരക്കിൽ വാങ്ങിയെന്ന് അവകാശപ്പെടുന്ന തൈകൾ 40 രൂപ നിരക്കിൽ പരിസരത്തെ നഴ്സറികളിൽ നിന്നാണ് എത്തിച്ചതെന്ന ആക്ഷേപമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്