കരമനയിൽ ഇനി വായന മുടങ്ങില്ല; നാട്ടുകാരൊരുക്കിയ കുഞ്ഞു വായനശാല

വായനയുടെ പ്രാധാന്യം വിളിച്ചോതി തിരുവനന്തപുരം കരമനയില്‍ പുതിയ വായനശാലയൊരുക്കി നാട്ടുകാര്‍. രാജീവ് നഗര്‍ റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആയിരത്തി ഇരുന്നൂറ് പുസ്തകങ്ങളുടെ ശേഖരവുമായി വായനശാല  തുറന്നത്.സ്കൂളില്‍ പോകാനാകുന്നില്ലെങ്കിലും രാജീവ് നഗര്‍ റസിഡന്റ് അസോസിയേഷനിലെ കുട്ടികള്‍ക്ക്  വായനയും പഠനവും മുടങ്ങില്ല. റസിഡന്റ് അസോസിയേഷനിലെ ആര്‍ക്കുവേണമെങ്കിലും വായനശാലയിലെത്താം, പുസ്തകവും പത്രവുമൊക്കെ വായിച്ചിരിക്കാം.  ലോക്ക് ഡൗണ്‍ കാലത്താണ് 

അസോസിയേഷന്‍ ഭാരവാഹികള്‍ ഒരു ലൈബ്രറിയെ കുറിച്ച് ചിന്തിച്ചത്. തുടര്‍ന്ന് പലരില്‍ നിന്നും പുസതകങ്ങള്‍ ശേഖരിച്ചു. ഒരു കുഞ്ഞ് വായനശാല പിറന്നു

അസോസിയേഷനിലെ അറുന്നൂറോളം കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും, ഗവേഷകര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, വീട്ടമ്മമാര്‍ക്കും വേണ്ടി വേറിട്ട പുസ്തകങ്ങള്‍ ഇവിടെയുണ്ട്. വീഡിയോ കോണ്‍ഫറന്‍സിലൂടെ തീരുവനന്തപുരം എം.പി. ശശി തരൂരാണ് ലൈബ്രറിയുടെ ഉദ്ഘാടനം നടത്തിയത്.

കോവിഡ് ഭീതി ഉയരുന്നതുകൊണ്ടുതന്നെ അതീവ സുരക്ഷയോടെയാണ് വായനശാലയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം.